Asianet News MalayalamAsianet News Malayalam

രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി

ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കോ പ്രസിഡന്റ് ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ്, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മാണ കമ്മിറ്റി തലവന്‍ നൃപേന്ദ്ര മിശ്ര എന്നിവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സംഭാവന സ്വീകരിച്ചത്.
 

President Donates 5 lakh to Ram Temple construction
Author
New Delhi, First Published Jan 15, 2021, 5:44 PM IST

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ച് ലക്ഷത്തി നൂറ് രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്ര നിര്‍മാണത്തിന് തുക കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയും സംഭാവന നല്‍കിയത്. ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കോ പ്രസിഡന്റ് ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ്, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മാണ കമ്മിറ്റി തലവന്‍ നൃപേന്ദ്ര മിശ്ര എന്നിവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സംഭാവന സ്വീകരിച്ചത്.

ക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയ ആദ്യത്തെ വ്യക്തിയാണ് രാഷ്ട്രപതിയെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഹിന്ദു ഭവനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്ന ക്യാമ്പയിനാണ് വിഎച്ച്പി തുടക്കമിട്ടത്. രാമജന്മഭൂമി മന്ദിര്‍ നിധി സമര്‍പ്പണ്‍ അഭിയാന്‍ എന്നാണ് ക്യാമ്പയിനിന്റെ പേര്. ജനുവരി 15 മുതല്‍ ഫെബ്രുവരി 10വരെയാണ് ക്യാമ്പയിന്‍. 1100 കോടി രൂപയാണ് ക്ഷേത്ര നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. 

10,100,1000 രൂപയുടെ റിസീപ്റ്റുകള്‍ വഴിയാകും സംഭാവന സ്വീകരിക്കല്‍. സര്‍ക്കാര്‍ സഹായവും വിദേശ സഹായവും കോര്‍പ്പറേറ്റ് സഹായവുമില്ലാതെ ക്ഷേത്രം നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. 2020 ഓഗസ്റ്റിലാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. 

Follow Us:
Download App:
  • android
  • ios