2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റെയിൽവെയിലെ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമനം നടത്തിയതിന് പകരമായി ഭൂമി സ്വീകരിച്ചു എന്നാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള ആരോപണം.

ദില്ലി: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി അനുമതി നൽകി. റെയിൽവെ മന്ത്രിയായിരിക്കെ 'ഭൂമിക്ക് പകരം ജോലി' എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ഉയർന്ന കള്ളപ്പണ ആരോപണത്തിലാണ് ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകിയതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 197(1) പ്രകാരമാണ് (ഇപ്പോൾ ഭാരതീയ ന്യായ സംഹിത 2023, സെക്ഷൻ 218) രാഷ്ട്രപതിയുടെ അനുമതി. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം അന്വേഷണം ആരംഭിച്ചത്. 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റെയിൽവെയിലെ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമനം നടത്തിയതിന് പകരമായി ഭൂമി സ്വീകരിച്ചു എന്നാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള ആരോപണം.

ജോലി നേടാൻ ആഗ്രഹിക്കുന്നവരോ അവരുടെ കുടുംബാംഗങ്ങളോ നൽകിയ ഭൂമി ലാലുവിന്റെകുടുംബാംഗങ്ങളുടെ പേരിൽ നേരിട്ടോ അല്ലാതെയോ രജിസ്റ്റർ ചെയ്തു നൽകിയതായാണ് ആരോപണം. റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെ പേരിലാണ് ഈ ഭൂമിയൊക്കെ നേരിട്ടോ അല്ലാതെയോ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ കേസിൽ സിബിഐ മൂന്ന് കുറ്റപത്രങ്ങളും അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം