Asianet News MalayalamAsianet News Malayalam

പുതിയ രാഷ്ട്രപതിയെ കാത്ത് രാജ്യം; വോട്ടെണ്ണൽ രാവിലെ 11 മുതൽ, പ്രഖ്യാപനം വൈകിട്ട്, കണക്കുകൂട്ടലിൽ മുന്നിലാര്?

ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തി

presidential election 2022 counting and result announce today, live updates  
Author
New Delhi, First Published Jul 21, 2022, 12:03 AM IST

ദില്ലി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഇന്നുണ്ടാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ദില്ലിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തി. എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്‍റെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുന്നിലാര്, മുന്നണികളുടെ കണക്ക് കൂട്ടലിൽ പ്രതീക്ഷ എത്രത്തോളം

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം. ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.

ഇനി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്

അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പോരാട്ടത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ഓഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക‍്‍സഭയിലെ 543  അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുക.\

ഇനി ' പിടി ഉഷ എം പി' , രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ഹിന്ദിയിലെ സത്യപ്രതിജ്ഞക്ക് മോദിയുടെ അഭിനന്ദനം

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ സി പി അധ്യക്ഷൻ ശരത് പവാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മാർഗരറ്റ് ആൽവ വിജയിക്കുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷത്തെ നേതാക്കൾ പങ്കുവച്ചത്. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍കർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിർദേശിച്ചത്. ബിജു ജനതാദൾ, അണ്ണാ ഡി എം കെ പാർട്ടികളുടെ പ്രതിനിധികളും ജഗ്ദീപ് ധൻകറിനൊപ്പം പങ്കെടുത്തു. ബിജു ജനതാദൾ ജഗ്ദീപ് ധന്‍കറെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios