കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ദ്രൗപതി മുർമുവിന്‍റെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും യുപിയില്‍ നിന്നൊരാളെ പരിഗണിക്കണമെന്ന തീരുമാനത്തില്‍ രാംനാഥ് കോവിന്ദിന് നറുക്ക് വീഴുകയായിരുന്നു.

ദില്ലി: ദ്രൗപതി മുർമുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയാണ് ബിജെപി ഉന്നമിടുന്നത്. ബംഗാളുള്‍പ്പെടെ കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ തീരുമാനം ബിജെപിയെ സഹായിച്ചേക്കും. 

കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ദ്രൗപതി മുർമുവിന്‍റെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും യുപിയില്‍ നിന്നൊരാളെ പരിഗണിക്കണമെന്ന തീരുമാനത്തില്‍ രാംനാഥ് കോവിന്ദിന് നറുക്ക് വീഴുകയായിരുന്നു. ഇത്തവണ ഒഡീഷയിലെ ബിജു ജനതാദളിന്‍റെ പിന്തുണ കൂടി ഉറപ്പാക്കേണ്ടത് അനിവാര്യമായതോടെ ദ്രൗപതി മുർമുവിനെ ബിജെപി നിശ്ചയിക്കുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് മേദി അധികാരത്തില്‍ വന്നത് മുതല്‍ കാണുന്നത്. ദ്രൗപദി മുർമുവിനെ നിശ്ചയിച്ചതിലൂടെ പട്ടിക ജാതി പട്ടി കവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ ഉയരുന്ന സ്വാധീനം തുടരാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 

പശ്ചിമ ബംഗാളും ഒഡീഷയും ഝര്‍ഖണ്ഡും, ഛത്തീസ്ഘട്ടും ഉള്‍പ്പെടുന്ന കിഴക്കേ ഇന്ത്യയുടെ ഗോത്ര വര്‍ഗ മേഖലകളില്‍ ആര്‍എസ്എസിന്‍റെ സ്വാധീനം ഏറെയുണ്ട്. ഈ മേഖലകളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രം കൂടിയാണ് ബിജെപിയുടെ തീരുമാനത്തിലൂടെ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒപ്പം നിര്‍ത്തിയ വനിത വോട്ട് ബാങ്കും ബിജെപി ഈ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. പ്രതിപക്ഷ നീക്കത്തിന് നേതൃത്വം നല്‍കിയ മമത ബാനര്‍ജിയെ പോലെയുള്ളവരെ നീക്കം സമ്മര്‍ദ്ദത്തിലാക്കും. എന്തായാലും മധ്യവര്‍ഗ മുന്നാക്ക പാര്‍ട്ടിയെന്ന പ്രതിച്ഛായ മാറ്റാനുള്ള നരേന്ദ്ര മോദിയുടെ നയത്തിന് കൂടിയാണ് ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗീകാരം നല്‍കിയത്. രാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുവിനെ പരിഗണിക്കാന്‍ മോദി അമിത് ഷാ കൂട്ടുകെട്ടിന് താല്‍പര്യമില്ലായിരുന്നുവെന്ന സൂചനയും ഈ തീരുമാനം നല്‍കുന്നു.

YouTube video player

ആരാണ് ദ്രൗപതി മുർമു

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. 2015ൽ ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ. 

Also Read:രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ച് 20 പേരുകൾ ഒടുവിൽ ദ്രൗപതി മുർമുവിൽ ഉറപ്പിച്ച് ബിജെപി

1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ​ഗ്രാമത്തിൽ ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. ആദിവാസി വിഭാ​ഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ട്‍ ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. എന്നാൽ ഭർത്താവും രണ്ട്‍ ആൺകുട്ടികളും മരിച്ചു. 

Also Read:'ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി': ദ്രൗപതി മുർമുവിനെക്കുറിച്ച് പ്രധാനമന്ത്രി