ദില്ലി: ആത്മഹത്യ സംബന്ധിയായ വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ സര്‍ക്കുലര്‍ ഇറക്കി. പ്രധാനമായും ആറ് മാര്‍ഗ നിര്‍ദേശങ്ങളാണ് മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ നല്‍കുന്നത്.

2017 മാനാസികാരോഗ്യ ആക്ട് പ്രകാരം കൃത്യമായി പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഇവയെന്നാണ് പ്രസ് കൗണ്‍സില്‍ സര്‍ക്കുലറില്‍ പറയുന്നത്. 

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

1. ആത്മഹത്യ വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യമോ, അവ ആവര്‍ത്തിച്ച് ഉപയോഗിക്കാനോ പാടില്ല

2. ആത്മഹത്യ എല്ലാ പ്രശ്നത്തിന് പരിഹാരമാണെന്നോ, അതില്‍ താല്‍പ്പര്യമുണ്ടാക്കുന്ന രീതിയിലോ വാര്‍ത്ത നല്‍കരുത്. ആത്മഹത്യയെ ലളിതവത്കരിക്കരുത്

3. ആത്മഹത്യ രീതികള്‍ വിശദമാക്കി വാര്‍ത്ത നല്‍കരുത്

4. ആശ്ചര്യമുണ്ടാക്കുന്ന തലക്കെട്ടുകള്‍ ആത്മഹത്യ വാര്‍ത്തയ്ക്ക് നല്‍കരുത്

5. ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയ ലിങ്കുകളോ ആത്മഹത്യ വാര്‍ത്തകളില്‍ ഉപയോഗിക്കരുത്.

ഇതിനൊപ്പം തന്നെ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അയാളുടെ അനുവാദം വേണമെന്നും പ്രസ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നു