ജർമനിയിൽ പക്കമേളക്കാർക്ക് വൻ ഡിമാൻഡുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ചെന്നൈ: ജർമ്മനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് നാദസ്വരം, തകിൽ വിദ്വാൻമാരിൽ നുന്ന് 54 ലക്ഷം രൂപ തട്ടിയെടുത്ത ക്ഷേത്രപൂജാരി പിടിയിൽ. മയിലാടുംതുറ തിരിവിഴന്തിയൂരിൽ ക്ഷേത്രപുരോഹിതനായ പൂർണചന്ദ്രനാണ് പക്കമേളക്കാരെ കബളിപ്പിച്ച് പണം തട്ടിയത്.

ജർമനിയിൽ പക്കമേളക്കാർക്ക് വൻ ഡിമാൻഡുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇന്ത്യക്കാരുടെ ചടങ്ങുകളിലും ഇന്ത്യൻ വംശജർ പോകുന്ന ക്ഷേത്രങ്ങളിലും നാദസ്വരം, തകിൽ വാദകരെ ആവശ്യമുണ്ടെന്ന് ഇയാൾ പൂജാരിയായി ജോലി ചെയ്യുന്ന ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് വരുന്ന പക്കമേളക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇവരുമായി പരിചയമുള്ള വേറെ പക്കമേളക്കാരെയും പ്രതിമാസം ഒരു ലക്ഷം രൂപ വരെ പ്രതിഫലം കിട്ടുമെന്ന് പറഞ്ഞ് തട്ടിപ്പിനിരയാക്കി. 

26 പക്കമേളക്കാരിൽ നിന്നായി 54 ലക്ഷം രൂപ ഇയാൾ വാങ്ങി. രണ്ടും മൂന്നും ലക്ഷം രൂപ വീതം ഓരോരുത്തരിൽ നിന്നും പിരിച്ചു. ഇതിൽ 15 പേരെ കഴിഞ്ഞ മാസം 28ന് ജർമനിക്ക് കയറ്റിവിടാൻ മയിലാടുതുറയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തു. ശേഷം ഇവരെ വിമാനത്താവളത്തിലുപേക്ഷിച്ച് പൂർണചന്ദ്രൻ മുങ്ങി. വിശ്വാസം ഉറപ്പിക്കാൻ വ്യാജ വിസ വരെ നൽകിയിരുന്നു. തിരുപ്പുങ്കൂർ, സീർകാഴി, തൃക്കടയൂർ, തിരുവഞ്ചഞ്ചേരി, പെരുഞ്ചേരി സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും.

സംഗീതജ്ഞരുടെ പരാതിയെത്തുടർന്ന് മയിലാടുതുറ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതിക്കായി തെരച്ചിൽ നടത്തിവരുകയായിരുന്നു. പൂർണചന്ദ്രയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ചെന്നൈ പൂന്തമല്ലിയിൽ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു. പണവുമായി മലേഷ്യക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചു 

തിരുവനന്തപുരം: മാറനല്ലൂർ കണ്ടലയിൽ രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തിയ ആള്‍ പെട്രോള്‍ പമ്പിലെ സുരക്ഷാ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. മാറനല്ലൂര്‍ ചീനിവള ആനമണ്‍ സ്വദേശി സുകുമാരന്‍ (62) ആണ് വെട്ടേറ്റ്. കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

പമ്പിനു പിന്നിലൂടെ എത്തി മതിൽ ചാടിയാണ് അക്രമി സുകുമാരനെ വെട്ടിയത്.താടിയിലും ,കൈയ്ക്കും , മുതുകിലും വെട്ടേറ്റ സുകുമാരന്‍ നിലവിളിച്ചു ഓടുകയും പമ്പിനുള്ളിലെ ടാങ്കര്‍ ലോറിയില്‍കിടന്നിരുന്ന ടാങ്കർ ലോറിയുടെ സഹായി രാജേന്ദ്രനെ വിളിച്ചുണർത്തി. ഇയാൾ ബഹളം കേട്ട് ഉണർന്നതോടെ അക്രമി ഓടി മറഞ്ഞു.ദേഹമാസകലം രക്തത്തിൽ കുളിച്ചു നിന്ന സുകുമാരനെ കണ്ടു ഭയന്ന രാജേന്ദ്രനാണ് വിവരം പൊലീസിനെ അറിയിച്ചത്.