ഹൈദരാബാദ്: രാജ്യത്ത് കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത്  തടയാന്‍ ഗോപൂജ നടത്തി പൂജാരിമാര്‍. ഹൈദരാബാദിലെ ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് ഇന്ന് 'പരിക്രമ' എന്ന പൂജ നടത്തിയത്. 'ഏത് പ്രതിസന്ധിക്കും ഗോപൂജ ചെയ്യുന്നത് പഴയ രീതിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം ഇല്ലാതാക്കാന്‍ ഗോപൂജ നടത്താന്‍ തീരുമാനിച്ചത്' - ക്ഷേത്ര പൂജാരി രംഗ രാജന്‍ പറഞ്ഞു. 

ഇന്ന് തുടര്‍ന്ന് വരുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ലൈംഗികാതിക്രമങ്ങള്‍ കൂടാന്‍ കാരണമെന്നും പൂജാരി രംഗ രാജന്‍ കൂട്ടിച്ചേര്‍ത്തു. പണ്ട് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് അപൂര്‍വ്വം മാത്രമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ സാഹിത്യമടക്കം പ്രാചീനമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ഇന്ത്യന്‍ ജനത പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും സ്വീകരിച്ചുവെന്നും ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ ലൈംഗിക പീഡനങ്ങള്‍ക്ക് സാക്ഷികളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്രങ്ങള്‍, ടി വി ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയില്‍ ഇത്തരം പീഡനങ്ങള്‍ മാത്രമാണ് ഉള്ളത്. നമ്മുടെ രാജ്യത്ത് കുട്ടികള്‍ സുരക്ഷിതരല്ല. നേരത്തേ സ്ത്രീകള്‍ സുരക്ഷിതരല്ലായിരുന്നെങ്കില്‍ ഇന്ന് അവര്‍ക്കൊപ്പം കുട്ടികളും ആക്രമിക്കപ്പെടുന്നു. ഇത് ഇല്ലാതാകാനാണ് തങ്ങളുടെ പൂജയെന്നും അദ്ദേഹം വ്യക്തമാക്കി.