Asianet News MalayalamAsianet News Malayalam

അഗസ്റ്റവെസ്റ്റ്‍ലാൻ‍ഡ് അഴിമതി കേസിൽ കോൺഗ്രസിന്‍റെ പങ്ക് തെളിഞ്ഞെന്ന് പ്രധാനമന്ത്രി

ഡെറാഡൂണിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് നരേന്ദ്രമോദി അഗസ്റ്റവെസ്റ്റ്‍ലൻഡ് കേസിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.

prime minister attack congress over agustawestland scam case
Author
Dehradun, First Published Apr 5, 2019, 5:18 PM IST

ഡെറാഡൂൺ: അഗസ്റ്റവെസ്റ്റ്‍ലാൻഡ് അഴിമതിക്കസിൽ കോൺഗ്രസിന്‍റെ പങ്ക് തെളിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലിക്കോപ്റ്റർ അഴിമതിയിൽ ഉൾപ്പെട്ടവരാരൊക്കെയാണെന്ന് ഇപ്പോൾ വ്യക്തമായി. അഗസ്റ്റവെസ്റ്റ്‍ലാൻഡ് ഹെലിക്കോപ്റ്റർ അഴിമതിയിൽ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിന്‍റെ ഡയറിയിലെ എ.പി എന്ന പരാമർശം കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെയും  എഫ്എഎം എന്നത് ഗാന്ധി കുടുംബത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് എൻഫോഴ്സ്മെന്‍റ്  സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതോടെ അഴിമതിയിൽ കോൺഗ്രസിന്‍റെ പങ്ക് തെളിഞ്ഞെന്ന് നരേന്ദ്രമോദി പറഞ്ഞു. ഡെറാഡൂണിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് നരേന്ദ്രമോദി അഗസ്റ്റവെസ്റ്റ്‍ലൻഡ് കേസിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തിനും പങ്കുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.  തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഇത് വലിയ രാഷ്ട്രീയ ആയുധമാക്കുമെന്നതിന്‍റെ സൂചനയാണ് നരേന്ദ്രമോദിയുടെ  ഇന്നത്തെ പരാമർശം.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമ‌ശങ്ങൾ അടിസ്ഥാന രഹിതമാണെന്നും അഹമ്മദ് പട്ടേൽ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ പരാജയഭീതി കാരണം ബിജെപി എൻഫോഴ്സ്മെന്‍റിനെ ഉപയോഗിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു 

അതേസമയം അഗസ്റ്റ വെസ്റ്റ്‍ലാൻഡ് കേസിലെ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മാധ്യമങ്ങൾക്ക് ചോർത്തിയെന്നാരോപിച്ച് ക്രിസ്റ്റ്യൻ മിഷേൽ  കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ തനിക്ക് ലഭിക്കുന്നതിന് മുൻപേ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം മാധ്യമങ്ങൾക്ക്  ചോർത്തി നൽകിയെന്നാരോപിച്ച്  ദില്ലി പാട്യാല കോടതിയിലാണ് ക്രിസ്ത്യൻ  മിഷേൽ പരാതി നൽകിയത്. മിഷേലിന്‍റെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട്  പാട്യാല കോടതി എൻഫോഴ്സ്മെന്‍റിന് നോട്ടീസ് അയച്ചു.

കുറ്റപത്രം ചോർന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് പാട്യാല കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നോട്ടിസ് അയച്ചിരിക്കുന്നത്. വിഷയത്തിൽ നാളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദീകരണം നൽകും.

Follow Us:
Download App:
  • android
  • ios