ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്‍‍രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയുടെ ജനങ്ങളുടെ അഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി അരവിന്ദ് കെജ്‍രിവാളും രംഗത്തെത്തി.

ദില്ലിയെ ലോകോത്തര നഗരമാക്കി മാറ്റുന്നതിന് കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലിയില്‍ ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് വര്‍ധിപ്പിക്കാനായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം പ്രചാരണത്തില്‍ സജീവമായെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. 

നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരമേറ്റെങ്കിലും രണ്ട് തവണയും ദില്ലിയില്‍ ഭരണം പിടിക്കാനായില്ല. 2015ല്‍ 70ല്‍ 67 സീറ്റും എഎപി നേടിയപ്പോള്‍ മൂന്ന് സീറ്റ് മാത്രമാണ് ബിജെപി നേടിയത്. നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‍രിവാളിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.