ദില്ലി: രാജ്യത്തിന് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നത്. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകൾ സന്തോഷത്തോടെ ഓർമ്മിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

"ക്രിസ്മസ് ആശംസകൾ! യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകൾ നാം വളരെയധികം സന്തോഷത്തോടെ ഓര്‍ക്കുന്നു. സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദര്‍ശത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. മനുഷ്യരുടെ കഷ്ടതകൾ ശമിപ്പിക്കുന്നതിന് അദ്ദേഹം ജീവിതം തന്നെ സമർപ്പിച്ചു. യേശുവിന്റെ ഉപദേശങ്ങള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളെ ഇന്നും പ്രചോദിപ്പിക്കുന്നു.- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സ്നേഹത്തിന്റെ ശാന്തിദൂതുമായി നാടും നഗരവും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ലോകത്തിന് പ്രകാശം പകർന്ന് ബത്‌ലഹേം പുൽത്തൊഴുത്തിൽ മിശിഹാ പിറന്നതിന്റെ ഓർമപുതുക്കി ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിലും പ്രത്യേക പ്രാർഥനകളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ക്രിസ്‌മസ് സന്ദേശം നൽകി.