ദില്ലി: വിവാദമായ പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടും ബോധവല്‍ക്കരണം നല്‍കിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്‍. രാജ്യത്താകമാനം നിമയത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിന്‍. 

''ഇന്ത്യ പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു(#IndiaSupportsCAA)കാരണം പൗരത്വനിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയുന്നില്ല, പകരം കഷ്ടപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയാണ് ചെയ്യുന്നത്'' - മോദി ട്വീറ്റ് ചെയ്തു. ആത്മീയനേതാവ് ജഗ്ഗി വാസുദേവ് പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.  

പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസായതുമുതല്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ പ്രധാനസര്‍വ്വകലാശാലകളിലെല്ലാം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. പ്രക്ഷോഭങ്ങളില്‍ 20 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്കെതിരെ കേസെടുത്തു. നിരവധി പേര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.