Asianet News MalayalamAsianet News Malayalam

'ജനങ്ങളുടെ ശക്തിയെ നമിക്കുന്നു', ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ചരിത്രം തിരുത്തിക്കുറിച്ച ജയവുമായാണ് ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ എത്തുന്നത്. ആകെയുള്ള 182 ൽ 158 സീറ്റുകളും പിടിച്ചാണ് അധികാരത്തുടർച്ച. 

Prime Minister Narendra Modi thanks the people of Gujarat
Author
First Published Dec 8, 2022, 5:58 PM IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നു. വികസന രാഷ്ട്രീയത്തെ ജനങ്ങള്‍ അനുഗ്രഹിച്ചെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു. ചരിത്രം തിരുത്തിക്കുറിച്ച ജയവുമായാണ് ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ എത്തുന്നത്. ആകെയുള്ള 182 ൽ 158 സീറ്റുകളും പിടിച്ചാണ് അധികാരത്തുടർച്ച. വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്. 1985 ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോർഡ് ഇനി പഴങ്കഥയാണ്. തുടർഭരണത്തിൽ സിപിഎം ബംഗാളിൽ കുറിച്ച ചരിത്രത്തിനൊപ്പമാണ് ഇന്ന് ഗുജറാത്തിൽ ബിജെപി. സംസ്ഥാനത്തെ എല്ലാ മേഖലയും പിടിച്ചടക്കിയാണ് ഈ കുതിപ്പ്. 

ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തരിപ്പണമായി. തെക്കൻ ഗുജറാത്തിലും മധ്യഗുജറാത്തിലും കോൺഗ്രസിന് കരുത്തുള്ള വടക്കൻ ഗുജറാത്തിൽ പോലും ബിജെപിക്ക് എതിരില്ല. വോട്ട് വിഹിതം ഇത്തവണ 50 ശതമാനവും കടന്നു. മോ‍ർബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ വിരുധ വികാരം അങ്ങനെ പ്രചാരണത്തിന്‍റെ തുടക്കത്തിൽ തലവേദനയായ വിഷയങ്ങളെല്ലാം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാൻ ബിജെപിക്കായി. മോദിയോട് ഗുജറാത്തികൾക്കുള്ള താല്‍പ്പര്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയതിൽ നിന്ന് വ്യക്തമാണ്. വീണ്ടുമൊരിക്കൽ കൂടി അത് മുതലാക്കാൻ പ്രചാരണത്തിൽ മോദിയെ ഇറക്കി മോദിക്കായി വോട്ട് നൽകു എന്ന ആഹ്വാനമാണ് ബിജെപി നടത്തിയത്. 

ഏക സിവിൽ കോഡ്, ദ്വാരകയിൽ നിർമ്മിക്കുന്ന കൂറ്റൻ ശ്രീകൃഷ്ണ പ്രതിമ തുടങ്ങി ഗുജറാത്തിന്‍റെ മർമ്മമറിഞ്ഞുള്ള വാഗ്ദാനങ്ങളും ബിജെപി നൽകി. പ്രതിപക്ഷത്ത് വോട്ട് ഭിന്നിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ അനായാസമായി. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ കൂടി സാനിധ്യത്തിലാണ് പുതിയ സർക്കാർ സത്യപ്രതിഞ്ജ ചെയ്യുക. 2002ന് ശേഷം ഗുജറാത്തിൽ ബിജെപിക്ക് സീറ്റ് നില കുറഞ്ഞ് വരുന്നതായിരുന്നു തെരഞ്ഞെടുപ്പിലെ ട്രെൻഡ്. ആ നിലയിൽ നിന്നാണ് സംസ്ഥാനത്തെ ചരിത്രം തിരുത്തിക്കുറിക്കുന്ന ജയം ബിജെപി നേടുന്നതെന്നത് ശ്രദ്ധേയമാണ്. 

Follow Us:
Download App:
  • android
  • ios