Asianet News MalayalamAsianet News Malayalam

'ദരിദ്രരുടെയും ആദിവാസികളുടെയും ജീവിതത്തില്‍ കാതലായ മാറ്റമുണ്ടാക്കിയ നേതാവ്'; അജിത് ജോഗിയെ അനുസ്‌മരിച്ച് മോദി

ദരിദ്രരുടെ, പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ അദേഹം പരിശ്രമിച്ചു. അദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മോദി

Prime Minister Narendra Modi tributes to Ajit Jogi
Author
Delhi, First Published May 29, 2020, 5:58 PM IST

റായ്പൂര്‍: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുരംഗത്ത് വലിയ അഭിനിവേശമുണ്ടായിരുന്ന നേതാവാണ് ജോഗി എന്നും മികച്ച ബ്യൂറോക്രാറ്റും നേതാവുമായി കഠിനാധ്വാനത്തിലൂടെ അദേഹം മാറിയെന്നും മോദി അനുസ്‌മരിച്ചു. ദരിദ്രരുടെ, പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ അജിത് ജോഗി പരിശ്രമിച്ചു. അദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മോദി കുറിച്ചു.

എഴുപത്തിനാലുകാരനായ അജിത് ജോഗി ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 9 മുതൽ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ അജിത് ജോഗിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിചരിച്ചിരുന്നത്. 

ശ്വാസതടസം കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലായതിനാൽ തുടക്കം മുതൽ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. 

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി.  2 തവണ വീതം ലോക്സഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട്  മുൻ ഐഎഎസ് ഓഫീസർ കൂടിയായ അജിത് ജോഗി.  സംസ്ഥാന രൂപീകരണം മുതൽ 2007 വരെ സംസ്ഥാനത്തെ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചു. 2000ത്തിൽ മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപം കൊണ്ടപ്പോൾ, ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ സോണിയ ഗാന്ധിയുടെ പിന്തുണ അജിത് ജോഗിക്കായിരുന്നു. 2000 നവംബർ മുതൽ 2003 ഡിസംബർ വരെ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് അജിത് ജോഗി തുടര്‍ന്നു. 

2003 ഡിസംബർ മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന ബിജെപി ഭരണത്തെ അട്ടിമറിക്കാൻ ബിജെപി എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്യുന്നത് ഒളിക്യാമറ വഴി പുറത്തായതോടെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 2004 ഏപ്രിൽ 30ന് നടന്ന കാറപകടത്തിൽ 2 കാലും നഷ്ടപ്പെട്ടതിന് ശേഷം വീൽചെയറിലായി.  2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാസമുന്ദിൽ നിന്ന് വിജയിച്ച് ലോക്സഭാംഗമായി. 2008 – മാർവാഹി മണ്ഡലത്തിൽ നിന്നും നിയമസഭാംഗവുമായി.  2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചന്ദുലാൽ സാഹുവിനെതിരെ 133 വോട്ടിനാണ് പരാജയപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios