ദില്ലി: മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് രോഗവ്യാപനം നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് എത്തിയത് 40 ദിവസത്തിലാണ്. കഴിഞ്ഞ ആറു ദിവസത്തിൽ മാത്രം ഒരു ലക്ഷം പേർ പുതുതായി രോഗബാധിതരായി.  

ഈ മാസം 21നാണ്  രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടത്. ആറ് ദിവസം കൊണ്ട് ഒരു ലക്ഷം രോഗികൾ കൂടി. ആകെയുള്ള
5,08,953  കേസുകളിൽ 62 ശതമാനവും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18522 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മൂന്നു ദിവസമായി പ്രതിദിന രോഗ ബാധ ഉയരുകയാണ്.  15,685 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയുള്ളവർ 1,97387  പേരാണ്. എന്നാൽ രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത്  ആശ്വാസകരമാണ്. 

24 മണിക്കൂറിനിടെ  10224  പേർക്ക് രോഗം മാറി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം മൂന്നുലക്ഷത്തിന് അടുത്തെത്തി. ജനങ്ങളുടെ സഹകരണവും ലോക്ക്ഡൗണും രോഗബാധയെ ഇതുവരെ പിടിച്ച് നിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മരണനിരക്ക് ഉയരാതെ നോക്കുകയാണ് നിലവിൽ കേന്ദ്രസർക്കാർ ലക്ഷ്യം. പരിശോധനകൾക്കൊപ്പം  ചികിത്സക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം. 

രോഗികൾ കൂടുതലുള്ള മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിൽ പരിശോധന കൂടുതൽ വ്യാപകമാക്കുകയാണ്. ദില്ലിയിൽ രോഗവ്യാപനതോത് കണ്ടെത്താൻ സെറോളജിക്കൽ സർവേക്ക് തുടക്കമായി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ  കേന്ദ്ര ആരോഗ്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം തുടരുകയാണ്.