ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം അതിക്രമങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണെന്നും കാര്യങ്ങളെ ശാന്തതയോടെ നേരിട്ട ചീഫ് ജസ്റ്റിസിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമം

ഇന്ന് രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറുക്കുള്ളിൽ നാടകീയ രംഗങ്ങൾ നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റി്സ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചു.

ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു, ഇതാണ് അതിക്രമത്തിന് കാരണം. സംഭവത്തെ അപലപിച്ച് SCORA ഉൾപ്പെടെ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും സംഭവത്തെ അപലപിച്ചു.

YouTube video player