വലപ്പാട് വെച്ച് യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹത്ത് തട്ടിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനും കവർച്ചയ്ക്കും കാരണമായത്. പിടിയിലായ റിജിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
തൃശൂർ: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് വലപ്പാട് പൊലീസ്. വലപ്പാട് കോതകുളം ബീച്ച് തോന്നിപ്പറമ്പിൽ വീട്ടിൽ റിജിൽ (37) ആണ് അറസ്റ്റിലായത്. കോഴിക്കോട് വടകര സ്വദേശി മുക്കാട്ട് കിഴക്കേകനി വീട്ടിൽ സനൂപ് (38) ആണ് കവർച്ചയ്ക്ക് ഇരയായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 5 ന് വലപ്പാട് കോതകുളത്തുള്ള സൂപ്പർ മാർക്കറ്റ് ആന്റ് ടീ ഷോപ്പ് എന്ന സ്ഥാപനത്തിൽ വച്ചായിരുന്നു ആക്രമണവും പിടിച്ചു പറിയും. സനൂപ് പ്രതിയുടെ ദേഹത്ത് തട്ടിയതിൻ്റെ വൈരാഗ്യത്താൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 25,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 500 രൂപയും രേഖകളും അടങ്ങിയ പഴ്സും കവർച്ച ചെയ്യുകയായിരുന്നു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് പൊലീസ് എസ് എച്ച് ഒ അനിൽകുമാർ.കെ, എസ് ഐ മാരായ സാബു, ഉണ്ണി, ജി എ എസ് ഐ സജയൻ, ഡ്രൈവർ എസ് സി പി ഒ ചഞ്ചൽ, സി പി ഒ മാരായ മാഷ്, ശ്രാവൺ, അലി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റിജിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും മൂന്ന് അടി പിടിക്കേസുകളിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത രണ്ട് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസുകളിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.


