ദില്ലി: കൊവിഡ് വ്യാപനത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. ജൂണ്‍ 16,17 തിയതികളിലായിരിക്കും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്. രണ്ടുദിവസത്തെ യോഗം സ്ഥിതി വിലയിരുത്തും. 

ഇളവുകള്‍ക്ക് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ഇന്ത്യയെ കീഴടക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ്  ഈ സംസ്ഥാനങ്ങളിലെ  ശരാശരി നിരക്ക്. കൊവിഡ് മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ വെന്‍റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് മുന്നറിയിപ്പ്.