ജയ്പൂര്‍: സ്കൂള്‍ തുറക്കുന്നത് വരെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. കൊവിഡ് 19 വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സ്കൂളുകള്‍ അടച്ചതിനേ തുടര്‍ന്നാണ് തീരുമാനം. നേരത്തെ ജൂണ്‍ 30വരെ സ്കൂള്‍ ഫീസ് ഈടാക്കരുതെന്ന് സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ ഉത്തരവ് സ്കൂള്‍ തുറക്കുന്നത് വരെ ബാധകമായിരിക്കുമെന്നാണ് രാജസ്ഥാന്‍ വിദ്യഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ഡോട്ടസാര വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഗോവിന്ദ് സിംഗ് ഡോട്ടസാര  ട്വീറ്റും ചെയ്തു. ഫീസ് നല്‍കാത്തതിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടപടി പാടില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. 

കഴിഞ്ഞ ദിവസം ഫീസ് ഈടാക്കാനുള്ള സ്വകാര്യ സ്കൂളുകളുടെ നീക്കത്തിനെതിരെ രക്ഷിതാക്കള്‍ രാജസ്ഥാനില്‍ വലിയ രീതിയില്‍ പ്രതിഷേധം നടത്തിയിരുന്നു. സ്കൂളുകള്‍ അടഞ്ഞ് കിടക്കുകയാണെങ്കിലും പല സ്വകാര്യ സ്കൂളുകളും ഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരിലായിരുന്നു സ്കൂളുകള്‍ ഫീസ് ഈടാക്കിയിരുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജയ്പൂര്‍, ചിറ്റോര്‍ഗഡ്, ജോധ്പൂര്‍, സവായ് മാധോപൂര്‍ തുടങ്ങി രാജസ്ഥാനിലെ വിവിധ ജില്ലകളിലായിരുന്നു വലിയ രീതിയില്‍ ജൂലെ 6 ന് പ്രതിഷേധം നടന്നത്. ലോക്ക്ഡൌണ്‍ സമയത്ത് തൊഴില്‍ നഷ്ടമായ മിക്ക ആളുകള്‍ക്കും ദൈനം ദിന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സാധിക്കാത്ത അവസ്ഥയിലാണ് സ്വകാര്യ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ ഫീസ് ഈടാക്കാന്‍ ആരംഭിച്ചത്.