മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ദില്ലി: ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ അപലപിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായ അപലപിക്കുന്നുവെന്ന് അവർ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണമാണിത്. ഒറ്റപ്പെട്ട സംഭവമല്ല. ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിനും ആൾക്കൂട്ട നീതിക്കും ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്‌ഗഡിലെ ദർഗിൽ വെച്ച് കന്യാസ്ത്രീകൾ അറസ്റ്റിലായത്. കുട്ടികൾക്കൊപ്പം യാത്ര ചെയ്യാനായി റയിൽവെ സ്റ്റേഷനിലെത്തിയ അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നീ കന്യാസ്ത്രീകളാണ് അറസ്റ്റിലായത്. ഇരുവരും മലയാളികളാണ്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്ത് വന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അന്തസ്സും തുല്യനീതിയും അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭയമല്ല ന്യൂനപക്ഷങ്ങൾക്ക് വേണ്ടതെന്നും ഭരണകൂടത്തിന്റെ നിസ്സംഗത ആൾക്കൂട്ടത്തിന്റെ വർഗീയപ്രേരിത അതിക്രമങ്ങൾക്ക് പ്രേരണ നൽകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അപകടകരവും അസ്വസ്ഥപ്പെടുത്തുന്നതുമായ നടപടികളാണ് ഛത്തീസ്‌ഗഡിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

YouTube video player