ലക്നൗ: ഉത്തർപ്രദേശിലെ ഹഥ്റാസിൽ 19വയസ്സുളള പെൺകുട്ടി ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ രൂക്ഷപ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. പെൺകുട്ടിയുടെ മൃതദേഹം കുടുംബാം​ഗങ്ങളെ പോലും കാണിക്കാതെ സംസ്കരിച്ച നടപടിയിൽ യോ​ഗി ആദിത്യനാഥ് രാജി വെക്കണമെന്നാണ് പ്രിയങ്ക ​ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യമാണുള്ളത്. 

മകൾ മരിച്ചെന്ന് അദ്ദേഹത്തെ അറിയിക്കുമ്പോൾ ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. നിരാശ മൂലം അദ്ദേഹം നിലവിളിക്കുകയായിരുന്നു. തന്റെ മകൾക്ക് നീതി വേണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവസാന നിമിഷം തന്റെ മകളെ വീട്ടിലേക്ക് കൊണ്ടുപോകാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ ഉള്ള അവസരം ഇന്നലെത്ത രാത്രി കവർന്നെടുത്തു. പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു. 

ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകുന്നതിന് പകരം അവരുടെ ഓരോ മനുഷ്യാവകാശവും നഷ്ടപ്പെടുത്താനാണ് നിങ്ങളുടെ സർക്കാർ ശ്രമിച്ചത്. മരണത്തിൽ അങ്ങനെയാണ് ചെയ്തത്. മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമ്മികമായ അവകാശം നിങ്ങൾക്കില്ല.  യോ​ഗി ആദിത്യനാഥിനെതിരെ തുടർച്ചയായിട്ടുള്ള ട്വീറ്റുകളിൽ പ്രിയങ്ക ​ഗാന്ധി രൂക്ഷഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ബലാത്സം​ഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരും പൊലീസ് ഉദ്യോ​ഗസ്ഥരും കടുന്ന വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ​

അതിക്രൂരപീഡനത്തിനാണ് പെൺകുട്ടി ഇരയായത്. ആഴ്ചകളോളം ജീവനുമായി പൊരുതി ചൊവ്വാഴ്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച രാത്രി തന്നെ കുടുംബാം​ഗങ്ങളുടെ സാന്നിദ്ധ്യമില്ലാതെ പൊലീസ് മൃതദേഹം സംസ്കരിച്ചു. ഇതനെതിരെ വൻപ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

അതേസമയം പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യോ​ഗി ആദിത്യനാഥ് മൂന്നം​ഗ സംഘത്തെ നിയോ​ഗിച്ചിരിക്കുകയാണ്. പാനലിനെ നിരീക്ഷിക്കാൻ യുപി ആഭ്യന്തര സെക്രട്ടറി ഭ​ഗവാൻ സ്വരൂപിനെ നിയോ​ഗിച്ചിട്ടുണ്ട്. ദളിത് സമുദായത്തിലെ അം​ഗങ്ങളെയും വനിതാ അം​ഗങ്ങളെയും ഉൾപ്പെടുത്തിയാണ് പാനൽ രൂപീകരിച്ചിരിക്കുന്നത്.