ലക്നൗ: പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രൂക്ഷവിമര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും കാവി നിറത്തിന്‍റെ പ്രസക്തിയെക്കുറിച്ച് അവര്‍ക്ക് അറിയില്ലെന്നും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞു.

രാജ്യത്ത് അശാന്തി പടര്‍ത്തനാണ് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ശ്രമിക്കുന്നത്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങി പാര്‍ട്ടികള്‍ ട്വന്‍റി 20 മത്സരം കളിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നത്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി അവര്‍ പരസ്പരം പിന്തുടരുകയാണ്. അതിനായി പ്രിയങ്ക ഗാന്ധി കലാപകാരികള്‍ക്ക് പിന്തുണ കൊടുക്കുകയാണെന്നും ദിനേശ് ശര്‍മ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ ചെയ്തികളെ ന്യായീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ പ്രിയങ്ക, ഹിംസാത്‌മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നാണ് പറഞ്ഞത്. "തന്റെ സുരക്ഷയേക്കാൾ വലുത് ജനങ്ങളുടെ സുരക്ഷയാണ്. ഉത്തർപ്രദേശ് പൊലീസിന്റെ ചെയ്തികളെ ന്യായീകരിക്കാനാവില്ല. ബിജ്‌നോറിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തി.

സംഘർഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം," എന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനാൽ തന്നെ പൊലീസ് നടപടിക്കെതിരെ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.