ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രിയങ്ക വ്യക്തമാക്കി. 

ദില്ലി: കര്‍ണാടകയില്‍ ഹിജാബ് വിവാദം (Karnataka Hijab row) കത്തി നില്‍ക്കെ അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി (Priyanka Gandhi). ബിക്കിനിയായാലും ഘൂംഘാട്ടായാലും (ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ തലയും മുഖവും മറയുന്ന രീതിയില്‍ അണിയുന്ന വസ്ത്രം) ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്കയുടെ ട്വീറ്റിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും (Rahul Gandhi) രംഗത്തെത്തി. 

Scroll to load tweet…

കര്‍ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. സമാധാനം പാലിക്കാന്‍ കോടതിയും മുഖ്യമന്ത്രിയും ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഹിജാബ് വിഷയത്തില്‍ വ്യാപക പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചത്. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. 

ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജിലടക്കം വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘര്‍ഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Scroll to load tweet…