ബിഎച്ച്‍യുവിന്റെ കീഴിലുള്ള മഹിളാ മഹാ വിദ്യാലയത്തിലെ രണ്ട് ഗവേഷക വിദ്യാർഥിനികളുടെ പരാതിയിൻമേലാണ് വിസിയുടെ നടപടി.
വാരാണസി: ഗവേഷക വിദ്യാർഥിനികളെ ജാതീയമായി അധിക്ഷേപിക്കും അവരെകൊണ്ട് ടോയ്‍ലറ്റ് വൃത്തിയാക്കിക്കുകയും ചെയ്ത പ്രൊഫസർക്കെതിരെ ബനാറസ് ഹിന്ദു സർവകലാശാല (ബിഎച്ച്‍യു) വൈസ്-ചാൻസ്‍ലർ അന്വേഷണത്തിന് ഉത്തരവിട്ടു. ബിഎച്ച്‍യുവിന്റെ കീഴിലുള്ള മഹിളാ മഹാ വിദ്യാലയത്തിലെ രണ്ട് ഗവേഷക വിദ്യാർഥിനികളുടെ പരാതിയിൻമേലാണ് വിസിയുടെ നടപടി.
എസ്‍സി, എസ്‍ടി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥിനികളാണ് ഹോം സയൻസ് വിഭാഗത്തിലെ പ്രൊഫസർക്കെതിരെ വിസിക്ക് പരാതി നൽകിയത്. മാർച്ചിൽ കോളേജിൽവച്ച് നടന്ന സെമിനാറിനിടെയായിരുന്നു സംഭവം. എസ് സി-എസ് ടി നിയമപ്രകാരം വിദ്യാർഥിനികളുടെ പരാതി അന്വേഷിക്കുന്നതിനായി സർവകലാശാല വൈസ്-ചാൻസ്‍ലർ രാഗേഷ് ഭട്ട്നഗർ അന്വേഷണ കമ്മിറ്റിക്ക് രൂപം നൽകി. സംഭവത്തിൽ കമ്മിറ്റി അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് അന്വേഷണ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. രണ്ടാഴ്ച മുമ്പാണ് സർവകലാശാല വിസി, കമ്മിറ്റിക്ക് രൂപം നൽകിയതെന്നും മഹിളാ മഹാ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ ചന്ദ്രകല ത്രിപാഠി പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ചന്ദ്രകല ത്രിപാഠി കൂട്ടിച്ചേർത്തു.
