ഹൈക്കമ്മീഷണറായി ആള്‍മാറാട്ടം നടത്തി റാണ; വിസി പദവി നൽകിയത് ബേബി റാണി മൗര്യ, ലിസ്റ്റ് പ്രകാരമെന്ന് പ്രതികരണം

കുമൗൺ സർവകലാശാലയിലെ താൽകാലിക വിസി സ്ഥാനത്തേക്ക് റാണയെ നിയമിച്ചത് നിലവിലെ യുപി മന്ത്രി ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവർണറായിരുന്ന കാലത്താണ്.

professor pretends as high commissioner of oman arrested and Mercedes car with fake diplomatic registration plate seized involvement of up minister baby rany

ഗാസിയാബാദ്: ഒമാനിലെ ഹൈകമ്മീഷണറെന്ന വ്യാജേന ആൾമാറാട്ടം നടത്തി പിടിയിലായ കൃഷ്ണ ശേഖർ റാണയുടെ ഉന്നതബന്ധങ്ങൾ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒമാനിലെ ഹൈകമ്മീഷണറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ പ്രൊഫസർ റാണയെ കഴിഞ്ഞ ദിവസമാണ് പൊലീസ്  പിടികൂടിയത്. കൃഷ്ണ ശേഖർ റാണ എന്ന 66 കാരനായ ദില്ലി സ്വദേശിയാണ് പൊലീസിന്‍രെ പിടിയിലായത്. ഗാസിയാബാദ് പൊലീസാണ് കൃഷ്ണ ശേഖർ റാണയെ അറസ്റ്റ് ചെയ്തത്. വിവിധ യൂണിവേഴ്സിറ്റികളിലായി നിരവധി കാലം പ്രൊഫസർ കെ എസ് റാണ പ്രവർത്തിച്ചിട്ടുണ്ട്. 

മകളുടെ വൈശാലിയിലെ വീട് സന്ദർശിക്കാൻ എത്തുന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ​ഗാസിയാബാദ് പൊലീസിന് അയച്ച കത്താണ് റാണയെ വെട്ടിലാക്കിയത്. ഒമാനിലെ ഹൈകമ്മീഷണറാണെന്ന് പരിചയപ്പെടുത്തി കൊണ്ടായിരുന്നു കത്ത്. നയതന്ത്ര ഉദ്യോ​ഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവിക നടപടി ക്രമമായതിനാൽ അസ്വാഭാവികത തോന്നിയില്ലെന്നും എന്നാൽ കത്തിലെ ഒരു ചെറിയ തെറ്റ് ശ്രദ്ധയിൽപ്പെട്ടെന്നും ഇന്ദിരാപുരം സർക്കിളിലെ അസിസ്റ്റന്‍റ് കമ്മീഷണർ അഭിഷേക് ശ്രീവാസ്തവ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 

ഒമാൻ കോമൺവെത്ത് രാജ്യങ്ങളുടെ ഭാ​ഗമല്ലാത്തതിനാൽ ഹൈകമ്മീഷണർ ഇല്ല. അംബാസഡർ എന്ന പദവിയാണുള്ളത്. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി. പിന്നാലെയാണ് കെ എസ് റാണയെ അറസ്റ്റ് ചെയ്തത്. ഒമാൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ കെ എസ് റാണ എന്നയാളെ അറിയില്ലെന്ന് അവർ വ്യക്തമാക്കി. തുടർന്ന് റാണയ്ക്കെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. വ്യാജ നയതന്ത്ര രജിസ്ട്രേഷൻ പ്ലേറ്റും ഒമാന്‍റെ പതാകയും പതിച്ച മെഴ്‌സിഡസ് കാർ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. കാർ ഹരിയാനയിൽ രജിസ്റ്റർ ചെയ്തതാണെന്നും നയതന്ത്ര വാഹനമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ആഗ്രയിലെ കോളജിൽ സുവോളജി പ്രൊഫസറായിരുന്നു റാണ. കുമൗൺ സർവകലാശാല (2018-2020), അൽമോറയിലെ ഉത്തരാഖണ്ഡ് റെസിഡൻഷ്യൽ സർവകലാശാല (2020-2021), മേവാർ സർവകലാശാല (2021-2022), രാജസ്ഥാനിലെ ജയ്പൂർ ടെക്നിക്കൽ സർവകലാശാല (2024) എന്നിവിടങ്ങളിൽ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നിലവിൽ ഒരു എൻ‌ജി‌ഒയിൽ ട്രേഡ് കമ്മീഷണറായി ജോലി ചെയ്യുകയായിരുന്നു കെ എസ് റാണയെന്ന് പൊലീസ് പറയുന്നു. 2024 ഓ​ഗസ്റ്റ് മുതലാണ് ഹൈകമ്മീഷണറെന്ന നിലയിൽ റാണ ആൾമാറാട്ടം തുടങ്ങിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പാട്ടീൽ നിമിഷ് മിശ്ര പറഞ്ഞു. 

കുമൗൺ സർവകലാശാലയിലെ താൽകാലിക വിസി സ്ഥാനത്തേക്ക് റാണയെ നിയമിച്ചത് നിലവിലെ യുപി മന്ത്രി ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവർണറായിരുന്ന കാലത്താണ്. എന്നാൽ തന്‍റെ മുന്നിലെത്തിയ ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തിയതെന്നും മറ്റു ബന്ധങ്ങൾ ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. അറസ്റ്റിലായ റാണ അന്തരിച്ച ജനതാദൾ നേതാവ് വിജയ് സിങ്ങ് റാണയുടെ സഹോദരനെന്ന് പൊലീസ് വ്യക്തമാക്കി. 2024 ഓഗസ്റ്റ് മുതലാണ് ഹൈകമ്മീഷണറെന്ന നിലയിൽ റാണ ആൾമാറാട്ടം തുടങ്ങിയതെന്നും മറ്റു തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More:മകന്‍റെ മരണ വാര്‍ത്ത താങ്ങാന്‍ കഴിഞ്ഞില്ല, അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios