ദില്ലി: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് കഴിഞ്ഞ ദിവസം സൈബറിടങ്ങളില്‍ വൈറലായ വീഡിയോക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്സീന്‍ പൂനാവാല രംഗത്തെത്തി. വീഡിയോ ട്വീറ്റ് ചെയ്ത തെഹ്സീന്‍, ദില്ലി പൊലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ചെയ്യുമെന്നും തെഹ്സീന്‍ ട്വീറ്റ് ചെയ്തു.

കടുത്ത വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണ് ഗാനത്തിന്‍റെ വരികള്‍. ജയ് ശ്രീറാം വിളിക്കാത്തവരെ ഖബറിലേക്ക് പറഞ്ഞയക്കുമെന്നതടക്കമുള്ള ഭീഷണി മുഴക്കുന്നു. കാവി വേഷധാരിയായ യുവാവാണ് വീഡിയോയില്‍ പാടി അഭിനയിക്കുന്നത്. പശ്ചാത്തലമായി കലാപ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് സമരം നടത്തുമെന്ന് തഹ്സീന്‍ വ്യക്തമാക്കി. വീഡിയോ ഗാനത്തിനെതിരെ ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി.