ബിജെപി കാരണം ഇപ്പോൾ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് സീതാറാം യെച്ചൂരി; ബിജെപി ദേശീയ വക്താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവന
ദില്ലി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും ഇന്ത്യൻ സർക്കാരും ഒന്നല്ല. ബിജെപി ദേശീയ വക്താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ നടപടികൾ ഉണ്ടായില്ല. ബിജെപി കാരണം ഇപ്പോൾ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്. നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നൽകേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.

പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പീയൂഷ് ഗോയൽ
ബിജെപി വക്താക്കളുടെ പ്രവാചക നിന്ദാ പരാമർശം മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ കൊച്ചിയിൽ പറഞ്ഞു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വാണിജ്യ മന്ത്രി പറഞ്ഞു. നൂപുർ ശർമ നടത്തിയ പരാമർശത്തിൽ ബിജെപി ആവശ്യമായ നടപടി എടുക്കും. സർക്കാരുമായി ബന്ധപ്പെട്ടവരല്ല പരാമർശം നടത്തിയത്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
പ്രവാചക നിന്ദാ പരാമർശം : സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പീയൂഷ് ഗോയൽ
പ്രവാചക നിന്ദ : അപലപിച്ച് ഇറാഖും
ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമർശം ഇന്ത്യയുടെ നിലപാടായി കാണരുതെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി. മഹത്തായ പൈതൃകം ഉള്ള ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതായും എംബസി വ്യക്തമാക്കി. പ്രവാചക നിന്ദയെ അപലപിച്ച് ഇറാഖ് പാർലമെന്റ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചു. ഇന്ത്യ-ഇറാഖ് ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ഇത്തരം ഛിദ്രശക്തികൾക്കെതിരെ യോജിച്ച് പോരാടാൻ ഇന്ത്യയും ഇറാഖും പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
