ദില്ലി: പൗരത്വ നിയമഭേദഗതിയിലെ പ്രതിഷേധം കണക്കിലെടുത്ത് യുപിക്ക് പിന്നാലെ ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിർദ്ദേശം. അവധി റദ്ദാക്കി ഡ്യൂട്ടിയിൽ പ്രവേശിക്കാൻ പൊലീസുകാർക്ക് നിർദ്ദേശം നല്‍കി. അതേസമയം, മംഗളൂരു നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ഇളവ് വരുത്തി. നിരോധനാജ്ഞ തുടരും. 

ഉത്തരാഖണ്ഡിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ഡെറാഡൂൺ ഗാന്ധിപാർക്കിൽ രാവിലെ 11 മണിയോടെ സമരക്കാർ ഒത്തുകൂടി. ഹരിദ്വാറിൽ ഇന്ന് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദിലും ബെംഗളൂരുവിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. രാജസ്ഥാനിലെ ജയ്പൂരിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കാൽനട പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. അവധി ദിവസമായതിനാൽ കൂടുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷാസന്നാഹമാണ് പൊലീസ് പല മേഖലകളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രോക്ഷോഭത്തിനിടെ മംഗളൂരുവിലെ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. ജലീൽ, നൗഷീൻ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കും. മംഗളൂരുവില്‍ ഏർപ്പെടുത്തിയ കര്‍ഫ്യൂവിൽ വൈകിട്ട് ആറ് മണി വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്. എന്നാല്‍, നഗരത്തിലെ നിരോധനാജ്ഞ തുടരും.

പൗരത്വ പ്രതിഷേധം ആളിക്കത്തുന്ന ഉത്തർപ്രദേശിൽ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 18 ആയി. യുപിയിൽ പ്രതിഷേധം നടത്തിയ 879 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 5000 പേർ കരുതൽ കസ്റ്റഡിയിലാണ്. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല. അതേസമയം, പ്രകടനങ്ങളില്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചു.  

Also Read: ആളിക്കത്തി യുപി, സംഘര്‍ഷങ്ങളില്‍ മരണം 18 ആയി; പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നീക്കം