ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരുസംഘമാളുകള്‍ രണ്ട് റെയിൽവേ സറ്റേഷനുകൾക്ക് തീവച്ചിരുന്നു. അഞ്ച് തീവണ്ടികളും പതിനഞ്ചോളം ബസ്സുകളും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രി മമതാ ബാനർജി തന്നെ ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് വ്യാപക ആക്രമണം നടന്നത്. എന്നാൽ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി മമത പിന്നീട് രംഗത്തു വന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നല്‍കിയ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. 

പൗരത്വനിയമ ഭേദഗതി പിൻവലിക്കുന്നത് വരെ പ്രക്ഷേഭങ്ങൾ അവസാനിക്കില്ലെന്ന് ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയൻ നേതാവ് സമോജ്വൽ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആസാമുകാർക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാണ് പ്രക്ഷോഭങ്ങളെന്നും സമോജ്വൽ ഭട്ടാചാര്യ പറഞ്ഞു. സാഹിത്യ സിനിമാ രംഗത്തുള്ളവരും ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 18, ബുധനാഴ്ച ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.