Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം: സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ

സുപ്രീംകോടതിയ്ക്ക് മുന്നിൽ ഐഡ്‍വയുൾപ്പടെയുള്ള വനിതാകൂട്ടായ്മ നടത്തിയ പ്രതിഷേധത്തിൽ ഒരു വിഭാഗം അഭിഭാഷകരും പങ്കെടുത്തു. തുടർന്ന് പൊലീസ് ഇരുപത്ത‌ഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്നാണ് 144 പ്രഖ്യാപിച്ചത്. 

protest against cji in sexual assault allegation
Author
New Delhi, First Published May 7, 2019, 12:21 PM IST

ദില്ലി: സുപ്രീം കോടതിക്ക് മുന്നിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കോടതിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മ പ്രതിഷേധവുമായി എത്തിയത്. ഇതേത്തുടർന്ന് ഇരുപത്തിയഞ്ചോളം പേരെ സുപ്രീംകോടതിയ്ക്ക് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. സുപ്രീംകോടതിയ്ക്ക് പുറത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം ആഹ്വാനം ചെയ്തത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. ഐഡ്‍വ ഉൾപ്പടെയുള്ള വനിതാ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തി. 

കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചവരെ  പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 25 ഓളം പ്രവര്‍ത്തകരെ ആണ് അറസ്റ്റ് ചെയ്തത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. കൂടുതൽ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം

Read also: ലൈംഗികാരോപണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്

Follow Us:
Download App:
  • android
  • ios