ദില്ലി: ഭീമാ–കൊറേഗാവ് കലാപ കേസിൽ മലയാളി ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തതിനെരെ പ്രതിഷേധം ശക്തമാകുന്നു.  ചരിത്രകാരൻ രാമചന്ദ്രഗുഹ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭീമാ കോറേഗാവ് പ്രക്ഷോഭത്തിന് പിന്നിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഫാ. സ്റ്റാൻ സ്റ്റാമിയുടെ അറസ്റ്റ്.

ദില്ലി സര്‍വ്വകലാശാല അദ്ധ്യാപകനായ ഡോ. ഹാനി ബാബുവിനെ ഇതേ കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഇത്തരം അറസ്റ്റുകൾ തുടരുകയാണ്. 83-കാരനായ ഫാദർ സ്റ്റാൻ സ്വാമിയെ ഇന്നലെ റാഞ്ചിയിലെ വീട്ടിലെത്തിയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 

അഞ്ച് പതിറ്റാണ്ടായി ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന മൈനിംഗ് കമ്പനികൾക്കെതിരെയുള്ള ശബ്ദം ഇല്ലാതാക്കാൻ വേണ്ടിയാണ് അറസ്റ്റെന്നും ചരിത്രകാരൻ  രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്, ബിജെപി സർക്കാറിനൊത്ത് കളിക്കുന്ന എൻഐഎ യുടെ അതിരുകളില്ലാത്ത മറ്റൊരു പ്രവർത്തി എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ വിമര്‍ശനം.

പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അടക്കം നിരവധി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്റ്റാൻ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് നേതാവാണ് സ്റ്റാൻ സ്വാമി എന്നതിന് തെളിവുകൾ ഉണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്. ഭീമാ കോറേഗാവ് കലാപവുമായി സ്റ്റാൻ സ്വാമിക്ക് ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും എൻ.ഐ.എ അറിയിച്ചു.

വ്യാജ തെളിവുകളാണ് അന്വേഷണ ഏജൻസിയുടെ പക്കലുള്ളതെന്ന് സ്റ്റാൻ സ്വാമി ഇന്നലെ ആരോപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഭീമാ–കൊറേഗാവ് കലാപകേസിൽ കേസില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് അദ്ദേഹം.