ചെന്നൈ: പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം തുടരുന്നു. വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചെന്നൈ ചെപ്പോക്കിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ചെന്നൈയിൽ പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ നിരവധി വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ബിജെപി ഇന്ന് ചെന്നൈയിൽ വിശദീകരണ കൂട്ടായ്മ നടത്തും. പൗരത്വ നിയമ ഭേദഗതിയിൽ ജനങ്ങളുടെ തെറ്റിധാരണ മാറ്റാനാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്‌. വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ചിരിക്കുന്ന വിശദീകരണ കൂട്ടായ്മയിൽ പൊൻ രാധാകൃഷ്ണൻ , എച്ച് രാജ തുടങ്ങിയവർ പങ്കെടുക്കും.