പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല.
ദില്ലി: സംഘർഷത്തെ തുടർന്ന് അടച്ചിട്ട ജാമിയ മിലിയ സർവ്വകലാശാല തുറന്നതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ക്യാംപസിന് മുന്നിലെ പ്രതിഷേധം കൂടുതൽ ശക്തമായി. സെമസ്റ്റർ പരീക്ഷകൾ കഴിയുന്നതോടെ വിദ്യാർത്ഥി പങ്കാളിത്തം ഇനിയും കൂടുമെന്ന് സമരസമിതി അവകാശപ്പെട്ടു. വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നതോടെ സമരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല. കഴിഞ്ഞ ഡിസംബർ 15-നുണ്ടായ സംഘർഷത്തോടെ ക്യാന്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഹോസ്റ്റലുകളും ഒഴിപ്പിച്ചു. ഇതോടെ കേരളത്തിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായി.
എന്നാൽ ജാമിയയുടെ പ്രതിഷേധം അണയാതെ നിന്നു. ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം ക്യാന്പസ് തുറന്നതോടെ പ്രതിഷേധത്തിലെ വിദ്യാർത്ഥി പങ്കാളിത്തം ഇരട്ടിയാവുകയാണ്. ജനുവരി അവസാനവാരത്തോടെ സെമസ്റ്റർ പരീക്ഷകൾ കഴിയും. ഇതോടെ പരീക്ഷാചൂടിൽ നിന്നും പ്രതിഷേധച്ചൂടിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ തകർന്ന ജാമിയ സര്‍വ്വകലാശാലയിലെ ലൈബ്രറികൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സെമസ്റ്റർ പരീക്ഷ അടുത്തതിനാല്‍ ലൈബ്രറികൾ അടഞ്ഞു കിടക്കുന്നത് വിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
കഴിഞ്ഞ 15നുണ്ടായ സംഘര്‍ഷത്തിലാണ് ജാമിയ സര്‍വ്വകലാശാലയിലെ ലൈബ്രറിയും വായനാ മുറിയും തകര്‍ന്നത്. വിദ്യാര്‍ത്ഥികളെ അന്വേഷിച്ചെത്തിയ പോലീസ് ലൈബ്രറി തല്ലിതകര്‍ക്കുയായിരുന്നുവെന്നാണ് ആക്ഷേപം.
ലൈബ്രറി അടഞ്ഞു കിടക്കുന്നതിനാല്‍ റഫറന്‍സ് പുസ്തകങ്ങള്‍ കിട്ടുന്നില്ല. പരീക്ഷയാണെങ്കില്‍ പടിവാതില്‍ക്കലെത്തി. അന്വേഷണത്തിന്‍റെ ഭാഗമായുള്ള ഫോറന്‍സിക് പരിശോധന ഇനിയും നടന്നിട്ടില്ല. ഫോറന്‍സിക് പരിശോധനക്ക് ശേഷമേ അറ്റകുറ്റ പണികള്‍ നടക്കൂ.അതിനാല്‍ ലൈബ്രറി തുറക്കാന്‍ കാലതാമസമെടുക്കുമെന്നാണ് ജാമിയ സര്‍വ്വകാലശാല അധികൃതരുടെ പ്രതികരണം.
