Asianet News MalayalamAsianet News Malayalam

ബാരിക്കേഡ് മറികടന്ന് ദില്ലിക്ക് പോകാന്‍ കര്‍ഷക ശ്രമം; ഷാജഹാന്‍പൂരില്‍ സംഘര്‍ഷം, കണ്ണീര്‍വാതകം പ്രയോഗിച്ചു

ഡിസംബര്‍ 13 മുതല്‍ ജയ്‍പുര്‍ ദില്ലി ഹൈവേയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. 

protest in Shahjahanpur
Author
Jaipur, First Published Dec 31, 2020, 4:12 PM IST

ജയ്‍പൂര്‍: രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധം സംഘര്‍ഷാവസ്ഥയില്‍. ബാരിക്കേഡ് മറികടന്ന് ദില്ലിക്ക് പോവാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡിസംബര്‍ 13 മുതല്‍ ജയ്‍പുര്‍ ദില്ലി ഹൈവേയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. 

കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന കർഷകസംഘടനകളുടെ ആവശ്യത്തിൽ അടുത്ത ചർച്ചയ്ക്കു മുമ്പ് പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്നാണ് വിവരം. കാർഷിക നിയമങ്ങൾ പിൻവലിക്കാനാവില്ല, മാറ്റങ്ങൾ ആലോചിക്കാൻ സമിതി ഉണ്ടാക്കാം, താങ്ങുവിലയ്ക്ക് നിയമസംരക്ഷണം നല്‍കുന്നതില്‍ വിദഗ്ധരുടെ റിപ്പോർട്ട് തേടാം, കർഷക സംഘടനകൾ ഉന്നയിച്ച ആദ്യ രണ്ടാവശ്യങ്ങളിൽ ഇതായിരുന്നു ഇന്നലത്തെ സർക്കാർ നിർദ്ദേശം. എന്നാൽ സമിതി രൂപീകരിച്ചത് കൊണ്ട് മാത്രം പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നില്‍ക്കുകയാണ്. 

ഇന്നലെ ഒത്തുതീർപ്പിന്‍റെ അന്തരീക്ഷം പ്രകടമായിരുന്നു. മാത്രമല്ല ട്രാക്ടർ റാലി ഉൾപ്പടെ ഇപ്പോൾ വേണ്ടെന്ന് കർഷകർ തീരുമാനിച്ചു. ഈ പശ്ചാത്തലത്തിൽ നിയമങ്ങൾ തല്‍ക്കാലം നടപ്പാക്കാതെ മാറ്റിവയ്ക്കാനാകുമോ എന്ന പരിശോധനയുണ്ടാകും. ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ മെല്ലെപ്പോക്ക് എന്ന നയം സർക്കാരിന് സ്വീകരിക്കാം. ഇതുണ്ടായാലും സമരം അവസാനിപ്പിക്കുന്ന കാര്യം സംഘടനകൾ ചർച്ച ചെയ്തേക്കും. പഞ്ചാബിനും ചത്തീസ്ഗഡിനും രാജസ്ഥാനും പുറമെ കേരളനിയമസഭയും നിയമത്തെ എതിർത്തത് കർഷകർ സ്വാഗതം ചെയ്യുകയാണ്.

 

Follow Us:
Download App:
  • android
  • ios