ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിടാനുള്ള പ്രമേയം വലിയ ബഹളത്തിനിടെ രാജ്യസഭയും അംഗീകരിച്ചു.

ദില്ലി: ജയിലിലാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല് രാജ്യസഭയിലും കീറിയെറിഞ്ഞ് പ്രതിപക്ഷം. ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിടാനുള്ള പ്രമേയം വലിയ ബഹളത്തിനിടെ രാജ്യസഭയും അംഗീകരിച്ചു. ബില്ലിനെ അനുകൂലിക്കുന്ന നിലപാടിൽ ഉറച്ചു നില്ക്കുമെന്ന് ടിഡിപിയും ജനതാദൾ യുണൈറ്റഡും വ്യക്തമാക്കി. ജനാധിപത്യത്തെ സർക്കാർ കശാപ്പ് ചെയ്യുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.

ജയിലാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല് ജെപിസിക്കു വിടാനുള്ള പ്രമേയം അമിത് ഷാ കൊണ്ടു വന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. അതിനു മുമ്പ് തന്നെ രാജ്യസഭയിലേക്ക് മാർഷലുകളെ വിളിച്ചു വരുത്തിയിരുന്നു. ഇന്നലെ ലോക്സഭയിൽ മൂന്നാം നിരയിലേക്ക് മാറി ഇരുന്നാണ് അവസാനം അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. ഇന്ന് മുൻനിരയിൽ ഇരുന്ന അമിത് ഷായ്ക്ക് അടുത്തേക്ക് പ്രതിപക്ഷം നീങ്ങിയില്ല. എന്നാൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ആദ്യം ബില്ല് കീറി എറിഞ്ഞു. ഇതിനു പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ജോൺ ബ്രിട്ടാസും അടക്കമുള്ള എംപിമാരും ബില്ല് കീറി പറത്തി പ്രതിഷേധിച്ചു. ബില്ലിനെതിരെ സംസാരിക്കാൻ പ്രതിപക്ഷ അംഗങ്ങൾ നോക്കിയെങ്കിലും ഇതിന് ഉപാദ്ധ്യക്ഷൻ അനുവദിച്ചില്ല.

പണം വച്ചുള്ള ഓൺലൈൻ ഗെയിമിംഗ് നിരോധിക്കാനുള്ള ബില്ല് പാസാക്കിയാണ് പാർലമെൻറ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ബീഹാറിലെ എസ്ഐആറിനെതിരെ പ്രതിപക്ഷം തുടർച്ചയായി പ്രതിഷേധിച്ച് സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ മാത്രമാണ് ചർച്ച നടന്നത്. മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിൽ ജെപിസി ഉടൻ പ്രഖ്യാപിക്കും. ബില്ലിനെ അനുകൂലിക്കുന്ന നിലപാടിൽ ഉറച്ചു നില്ക്കുന്നു എന്ന് ടിഡിപിയും ജെഡിയുവും വ്യക്തമാക്കി. ഭരണഘടന ഭേദഗതി പാസ്സാക്കാൻ 360ലധികം എംപിമാരുടെ പിന്തുണ സർക്കാരിന് ആവശ്യമാണ്. തല്ക്കാലം ഈ സംഖ്യ എൻഡിഎയ്ക്ക് ഇല്ലാത്തതിനാൽ ബില്ല് ജെപിസിയിിൽ ഏറെക്കാലം കെട്ടിക്കിടക്കാനാണ് സാധ്യത.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Vazhoor Soman