ദേശീയഗാനമായ വന്ദേമാതരം ചൊല്ലാൻ സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി വിസമ്മതിച്ചത് വലിയ വിവാദമായി. അല്ലാഹുവിൽ വിശ്വസിക്കുന്ന തനിക്ക് മറ്റൊന്നിനെയും ആരാധിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.
മുംബൈ: ദേശീയഗാനമായ വന്ദേമാതരത്തിന് 150 വർഷം തികയുന്ന വേളയിൽ അത് ചൊല്ലാൻ സമാജ്‌വാദി പാർട്ടി മഹാരാഷ്ട്ര പ്രസിഡൻ്റ് അബു ആസ്മി വിസമ്മതിച്ചത് വലിയ വിവാദത്തിൽ. ആസ്മിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് നിരവധി ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി, മുദ്രാവാക്യം വിളിച്ചു.
വന്ദേമാതരം ചൊല്ലാൻ വിസമ്മതിച്ചതിനെതിരെ പ്രതിഷേധിച്ചവർക്ക് മറുപടി നൽകവെ, അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് 'സ്വന്തം മാതാവിനെ പോലും ആരാധിക്കാൻ കഴിയില്ല, അപ്പോൾ മറ്റൊരാളെ ആരാധിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ'എന്നായിരുന്നു അബു ആസ്മിയുടെ മറുപടി. 'നിങ്ങൾക്ക് ഒരാളെ നിർബന്ധിച്ച് ഒരു കാര്യം ചൊല്ലിക്കാൻ കഴിയില്ല. അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും സ്വന്തം മാതാവിനെ പോലും ആരാധിക്കാത്ത ഒരാൾക്ക്, ഇസ്‌ലാം അനുസരിച്ച് ഭൂമിയെയോ സൂര്യനെയോ ആരാധിക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പാടാൻ ആഗ്രഹിക്കുന്നവർക്ക് പാടാം, ആര് വേണ്ടെന്ന് പറയുന്നു? പല മുസ്‌ലിംകളും ഈ ഗാനം ചൊല്ലുന്നുണ്ട്, പക്ഷേ മതവിശ്വാസികളായ, അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് മറ്റൊരാളെ ആരാധിക്കാൻ കഴിയില്ലെന്നും ആസ്മി കൂട്ടിച്ചേർത്തു.
'ഇഷ്ടമല്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോകുക'
മുംബൈയിലെ ബാന്ദ്രയിലുള്ള അബു ആസ്മിയുടെ വസതിക്ക് പുറത്ത് നിരവധി ബി.ജെ.പി. നേതാക്കൾ 'വന്ദേമാതരം', 'ഭാരത് മാതാ കി ജയ്' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. പ്രതിഷേധം പ്രതീകാത്മകമാണെന്ന് ബി.ജെ.പി. എം.എൽ.എ. രാജ് കെ പുരോഹിത് പറഞ്ഞു. 'വന്ദേമാതരം ചൊല്ലണം, രാജ്യത്തെ ബഹുമാനിക്കണം. നിങ്ങൾക്ക് രാജ്യത്തോട് സ്നേഹമില്ലെങ്കിൽ, പാകിസ്ഥാനിലേക്ക് പോകുക... നിങ്ങൾ ഈ രാജ്യത്താണ് താമസിക്കുന്നത്, ഇവിടുത്തെ എം.എൽ.എയാണ്, പുരോഹിത് എ.എൻ.ഐയോട് പറഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ, സംസ്ഥാന മന്ത്രി മംഗൾ പ്രഭാത് ലോധ എന്നിവരും ആസ്മിയുടെ വീടിന് പുറത്ത് പ്രതിഷേധിക്കാനെത്തിയിരുന്നു.
മുംബൈ ബി.ജെ.പി. പ്രസിഡൻ്റ് അമിത് സതം, വന്ദേമാതരം കൂട്ടത്തോടെ ആലപിക്കുന്ന പരിപാടിയിലേക്ക് അബു ആസ്മിയെ ക്ഷണിച്ചിരുന്നു. 'താങ്കളെ ഹാർദ്ദവമായി ക്ഷണിക്കുന്നു. വന്ദേമാതരം ദേശീയതയുടെയും ഐക്യത്തിൻ്റെയും പ്രചോദനത്തിൻ്റെയും പ്രതീകമാണ്. മറ്റുള്ളവരോടൊപ്പം ഗാനം ആലപിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയ ഗാനത്തിൻ്റെ 150-ാം വാർഷികം പ്രമാണിച്ച് ഒക്ടോബർ 31 മുതൽ നവംബർ 7 വരെ മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകളോടും വന്ദേമാതരം ആലപിക്കാൻ നിർദ്ദേശിച്ചിരുന്നു. വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ നേരത്തെയും അബു ആസ്മി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.


