പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർ ഐഡി കാർഡ് എല്ലായ്പ്പോഴും കരുതണമെന്നും ഇത് ശരിയായി കാണുന്നരീതിയിൽ ധരിക്കണമെന്നതുമാണ് പ്രധാന നിർദേശം. പൊലീസ് നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടപെടരുത്. സം​ഘർഷസാഹചര്യങ്ങളിൽ സുരക്ഷിത അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

ന്യൂഡൽഹി: തലസ്ഥാനത്തെ പ്രതിഷേധസമരങ്ങളുടെ റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് മാർ​ഗനിർദേശങ്ങളുമായി ഡൽഹി പൊലീസ്. കഴിഞ്ഞദിവസങ്ങളിൽ പൊലീസുകാർ വനിതാ മാധ്യമപ്രവർത്തകരെ അടക്കം ഉപദ്രവിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് പ്രതിഷേധവേദിയിലെ റിപ്പോർട്ടിങ്ങിന് ഡൽഹി പൊലീസ് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർ ഐഡി കാർഡ് എല്ലായ്പ്പോഴും കരുതണമെന്നും ഇത് ശരിയായി കാണുന്നരീതിയിൽ ധരിക്കണമെന്നതുമാണ് പ്രധാന നിർദേശം. പൊലീസ് നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടപെടരുത്. സം​ഘർഷസാഹചര്യങ്ങളിൽ സുരക്ഷിത അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ​ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെയാണ് വനിതാ മാധ്യമപ്രവർത്തകരെ പൊലീസുകാർ ഉപദ്രവിച്ചെന്ന ആരോപണവും ഉയർന്നത്. വനിതാ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്നും ലൈം​ഗികമായി ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. ഇതിനിടെ, ആരോപണം നേരിടുന്ന എസിപി വിവേക് ഭ​ഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് മരവിപ്പിക്കുകയുംചെയ്തിരുന്നു.

അതേസമയം, ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൻ സമരങ്ങളാണ് ഡൽഹിയിൽ നടക്കാനിരിക്കുന്നത്. ഇന്ത്യാസഖ്യവും പ്രതിപക്ഷ എംപിമാരും മുഖ്യമന്ത്രിമാരും അടക്കം ചൊവ്വാഴ്ച നടക്കുന്ന മാർച്ചിൽ പങ്കെടുക്കും. ​ഗാന്ധിജയന്തി ദിനത്തിലാണ് ​ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വരെ സമരം. ഇതാണ് കോൺ​ഗ്രസും ഇന്ത്യാസഖ്യവും പ്രതിപക്ഷവും ഏറ്റെടുക്കുന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കാണ് ഇന്ത്യാസഖ്യത്തിലെ നേതാക്കളും പ്രവർത്തകരും മാർച്ച് നടത്തുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, കേരളം മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയവർ മാർച്ചിൽ അണിനിരക്കും. അതേസമയം, ആംആദ്മി പാർട്ടി ഈ മാർച്ചിൽ പങ്കെടുക്കില്ല. വിഷയത്തിൽ സ്വന്തംനിലയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം.