ദില്ലി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ അഭിനന്ദിച്ച് ഭർത്താവ് റോബർട്ട് വദ്ര. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു എന്നാണ് റോബർട്ട് വദ്രയുടെ ട്വീറ്റ്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ്. ആർ ധാരാപുരിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ​ഗാന്ധിയെ പൊലീസ് ഉദ്യോ​ഗസ്ഥർ തടഞ്ഞിരുന്നു. എന്നാൽ പ്രിയങ്ക കാൽനടയായെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ചു. ഈ സംഭവത്തെ പരാമർശിച്ചാണ് റോബർട്ട് വദ്രയുടെ ട്വീറ്റ്.

''വനിതാ പൊലീസ് ഉദ്യോ​ഗസ്ഥകൾ പ്രിയങ്കയെ കൈയേറ്റം ചെയ്തു എന്നറിഞ്ഞപ്പോൾ ഞാൻ വളരെ അസ്വസ്ഥനായി. ഉദ്യോ​ഗസ്ഥരിലൊരാൾ കഴുത്തിൽ പിടിച്ച് തള്ളിയതിനെ തുടർന്ന് പ്രിയങ്ക താഴെ വീണിരുന്നു. പക്ഷെ തന്റെ ഉദ്യമത്തിൽ നിന്ന് പിൻമാറാൻ അവർ തയ്യാറായില്ല. ഒരു പാർട്ടിപ്രവർത്തകന്റെ ടൂവീലറിൽ കയറി മുൻ ഐപിഎസ് ഓഫീസറുടെ കുടുംബാം​ഗങ്ങളെ കണ്ടു.''  ട്വീറ്റിൽ പറയുന്നു. ''നിങ്ങളെ ആവശ്യമുള്ള ജനങ്ങൾക്കിടയിലേക്ക് എത്തിച്ചേർന്ന് അവരോട് അനുകമ്പയും സഹാനുഭൂതിയും കാണിക്കാൻ തയ്യാറായ നിന്നെയോർത്ത് ‍ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ പ്രവർത്തിച്ചതാണ് ശരി. ദുഖിച്ചിരിക്കുന്നവരിലേക്ക് എത്തുന്നത് ഒരിക്കലും കുറ്റമല്ല'' വദ്ര ട്വീറ്റിൽ പറയുന്നു. മുൻ ഐപിഎസ് ഓഫീസർ ധാരാപുരിയുടെ വീട്ടിലേക്ക് പോകാൻ എത്തിയ തന്നെ പൊലീസ് കൈയേറ്റം ചെയ്തെന്നും കഴുത്തിന് പിടിച്ച് തള്ളിയെന്നും പ്രിയങ്ക ​ഗാന്ധി ആരോപിച്ചിരുന്നു.