മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിൽ നിന്നായി 66,000 രൂപയിലധികം പിടിച്ചെടുത്തു. ഡ്രോൺ വഴി ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ളയിംഗ് സ്ക്വാഡ് ആണ് പണം പിടിച്ചെടുത്തത്.
ഏപ്രിൽ 9-ന് നടക്കുന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ പണ വിതരണം തടയാൻ ഡ്രോൺ നിരീക്ഷണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിഭാഗം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിൽ നിന്നായി 66,000 രൂപയിലധികം പിടിച്ചെടുത്തു. ഡ്രോൺ വഴി ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ളയിംഗ് സ്ക്വാഡ് ആണ് പണം പിടിച്ചെടുത്തത്. പ്രതികളെയും പിടിച്ചെടുത്ത തുകയും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പി. ജവഹർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
വോട്ടർമാർക്ക് പൈസ വിതരണം ചെയ്യുന്നുണ്ടോ എന്നറിയാനും വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനും പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പി ജവഹർ നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പണവും മറ്റ് സൗജന്യങ്ങളും വിതരണം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശത്തെ മുഴുവൻ മണ്ഡലങ്ങളിലും ഡ്രോൺ നിരീക്ഷണ സംവിധാനം വരുന്നത്.
15 രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകർ പുതുച്ചേരിയിൽ എത്തുന്നതിനാലാണ് മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. കേരളം, പുതുച്ചേരി, തമിഴ്‌നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മാഹിയിലാണ് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. സുഗമവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇത്തരമൊരു നടപടി.
'ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഉപയോഗം തത്സമയം തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തടയുന്നതിനുള്ള ഫലപ്രദമായ ഒരു സംവിധാനമാണ്. പണം വിതരണം ചെയ്തുകൊണ്ട് വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്ന പ്രവൃത്തി 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123(1) പ്രകാരം കൈക്കൂലിയായി കണക്കാക്കപ്പെടുന്നു, കൂടാതെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 170 പ്രകാരമുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നു. മണ്ണടിപേട്ട, മംഗലം നിയോജകമണ്ഡലങ്ങളില്‍ നടത്തിയ പിടിച്ചെടുക്കലുകളില്‍ ആവശ്യമായ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്- ശ്രീ ജവഹര്‍ പറഞ്ഞു.
