കഴിഞ്ഞദിവസങ്ങളിലാണ് രാവും പകലുമെല്ലാം കുളത്തിലെ വെള്ളത്തിൽ ചിലവഴിക്കുന്ന ഇഖ്ബാലിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായത്. പുറത്ത് നിൽക്കുമ്പോൾ ദേഹമാസകലം കഠിനമായ നീറ്റൽ അനുഭവപ്പെടുന്നതിനാലാണ് ഇഖ്ബാൽ മിക്കസമയവും കുളത്തിൽ ഇറങ്ങിനിന്നിരുന്നത്. ഭക്ഷണം കഴിക്കുന്നതടക്കം ഇവിടെനിന്നായിരുന്നു.
കൊൽക്കത്ത: അജ്ഞാതമായ രോഗാവസ്ഥ കാരണം മിക്കസമയത്തും കുളത്തിൽ കഴിയുന്ന കൗമാരക്കാരന് അനന്ത് അംബാനിയുടെ സഹായഹസ്തം. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇഖ്ബാലിനെ തേടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയുടെ വിളിയെത്തിയത്. അനന്ത് അംബാനിയുടെ ഇടപെടലിൽ വിദഗ്ധ ചികിത്സ നൽകാനായി ഇഖ്ബാലിനെ പശ്ചിമബംഗാളിൽനിന്ന് മുംബൈയിൽ എത്തിച്ചു.
കഴിഞ്ഞദിവസങ്ങളിലാണ് രാവും പകലുമെല്ലാം കുളത്തിലെ വെള്ളത്തിൽ ചിലവഴിക്കുന്ന ഇഖ്ബാലിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായത്. പുറത്ത് നിൽക്കുമ്പോൾ ദേഹമാസകലം കഠിനമായ നീറ്റൽ അനുഭവപ്പെടുന്നതിനാലാണ് ഇഖ്ബാൽ മിക്കസമയവും കുളത്തിൽ ഇറങ്ങിനിന്നിരുന്നത്. ഭക്ഷണം കഴിക്കുന്നതടക്കം ഇവിടെനിന്നായിരുന്നു. വെള്ളത്തിൽനിന്ന് കയറിയാൽ ശരീരത്തിൽ കഠിനമായ നീറ്റലും പൊള്ളലേൽക്കുന്നത് പോലെയുള്ള അനുഭവവുമാണെന്നാണ് ഇഖ്ബാൽ പറഞ്ഞിരുന്നത്. ഇതിൽനിന്ന് രക്ഷതേടിയാണ് കൗമാരക്കാരൻ മണിക്കൂറുകളോളം കുളത്തിൽ കഴിഞ്ഞിരുന്നത്. ഇതിന്റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അനന്ത് അംബാനി ഇടപെട്ടത്.
അനന്ത് അംബാനിയുടെ നിർദേശപ്രകാരം ആകാശമാർഗമാണ് ഇഖ്ബാലിനെ മുംബൈയിലെത്തിച്ചത്. തുടർന്ന് മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രിയിലെ വിദഗ്ധസംഘം ഇഖ്ബാലിനെ പരിശോധിച്ചുവരികയാണ്.
അജ്ഞാത രോഗാവസ്ഥ കാരണം ദുരിതമനുഭവിക്കുന്ന ഇഖ്ബാലിനെ മാതാപിതാക്കൾ നേരത്തേ പല ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, എന്താണ് രോഗമെന്നോ രോഗകാരണമോ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദഗ്ധ ചികിത്സയ്ക്കും വിധേയമാക്കാനായില്ല. ഇതേത്തുടർന്ന് ദിവസം മുഴുവനും കുളത്തിലിറങ്ങിനിന്നാണ് ഇഖ്ബാൽ നീറ്റലിൽനിന്ന് രക്ഷതേടിയിരുന്നത്.


