പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ സുതാര്യതയും ധാർമ്മികതയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പുതുച്ചേരിയിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). ആകെ 294 സ്ഥാനാർത്ഥികളിൽ 291 പേരുടെ സത്യവാങ്മൂലങ്ങളാണ് എഡിആർ വിശദമായി വിശകലനം ചെയ്തത്. ഇതിൽ വലിയൊരു ശതമാനം സ്ഥാനാർത്ഥികളും ക്രിമിനൽ കേസുകൾ ഉള്ളവരാണെന്നും ഭൂരിഭാഗവും കോടീശ്വരന്മാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്രിമിനൽ പശ്ചാത്തലം
2021-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. 66 സ്ഥാനാർത്ഥികൾ (23%) തങ്ങൾക്കെതിരെ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇത് 17 ശതമാനം മാത്രമായിരുന്നു. ഇതിൽ 38 പേർ നേരിടുന്നത് കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ അതീവ ഗൗരവമുള്ള കേസുകളാണ്. രണ്ട് സ്ഥാനാർത്ഥികൾ ഐപിസി 302 പ്രകാരമുള്ള കൊലക്കേസുകളിൽ പ്രതികളാണെന്നത് ഗൗരവകരമായ കാര്യമാണ്.
രാഷ്ട്രീയ പാർട്ടികളുടെ നിലപാട്
ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സീറ്റ് നൽകുന്നതിൽ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ ഒരേ നിലപാടിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെയും ഡിഎംകെയുടെയും സ്ഥാനാർത്ഥികളിൽ പകുതി പേരും ഇത്തരത്തിൽ കേസുകൾ നേരിടുന്നവരാണ്. കോൺഗ്രസ്, എഐഎൻആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലും ക്രിമിനൽ റെക്കോർഡുള്ള സ്ഥാനാർത്ഥികൾ സജീവമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി പകരം ആളുകളെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികൾ താല്പര്യം കാണിക്കുന്നില്ലെന്നും എഡിആർ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ്
തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് സ്ഥാനാർത്ഥികളുടെ സാമ്പത്തിക വിവരങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. വിശകലനം ചെയ്തവരിൽ 119 പേരും (41%) കോടീശ്വരന്മാരാണ്. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത. എഐഎൻആർ കോൺഗ്രസിന്റെ എല്ലാ സ്ഥാനാർത്ഥികളും കോൺഗ്രസിന്റെയും ഡിഎംകെയുടെയും ഭൂരിഭാഗം സ്ഥാനാർത്ഥികളും കോടിപതികളാണ്. ആകെ സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി ഏഴ് കോടി രൂപയിലധികം വരുമെന്നത് സാധാരണക്കാർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നു.
നിയമനിർമ്മാണ സഭകളിലേക്ക് നിയമലംഘകർ കടന്നുവരുന്നത് ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുമെന്ന് എഡിആർ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുലർത്തുന്ന ഇത്തരം മാനദണ്ഡങ്ങൾ വരും കാലങ്ങളിൽ രാഷ്ട്രീയ വ്യവസ്ഥയെ തന്നെ കളങ്കപ്പെടുത്താൻ കാരണമാകുമെന്നും റിപ്പോർട്ട് ആശങ്കപ്പെടുന്നു. മെയ് 4-നാണ് പുതുച്ചേരിയിലെ ഫലം പുറത്തുവരിക.


