നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ വോട്ടർമാരെ അമ്പരപ്പിച്ച് സാരിയുടുത്ത ഒരു സുന്ദരി റോബോട്ട്. വോട്ടർമാരെ സ്വീകരിക്കാനും സഹായിക്കാനുമായി വിന്യസിച്ച 'നില' എന്ന ഹ്യൂമനോയിഡ്…

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ വോട്ടർമാരെ അമ്പരപ്പിച്ച് സാരിയുടുത്ത ഒരു സുന്ദരി റോബോട്ട്. വോട്ടർമാരെ സ്വീകരിക്കാനും സഹായിക്കാനുമായി വിന്യസിച്ച 'നില' എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് പോളിംഗ് ബൂത്തിലെ താരം. പുതുച്ചേരി വി.ഒ.സി ഗവൺമെന്റ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് സാങ്കേതിക വിദ്യയും ജനാധിപത്യവും കൈകോർത്ത ഈ അപൂർവ്വ കാഴ്ച ദൃശ്യമായത്. സാരിയുടുത്ത്, കൈകളിൽ പൂക്കളുമായി വോട്ടർമാരെ സ്വീകരിക്കുന്ന 'നില' പുതുച്ചേരി തെരഞ്ഞെടുപ്പിന്റെ ഹൈടെക് മുഖമായി മാറി.

Add Asianetnews as a Preferred SourcegooglePreferred

ആരാണ് 'നില'?

കോയമ്പത്തൂരിലെ റോബോ മിറർ എന്ന സ്ഥാപനമാണ് നിലയെ വികസിപ്പിച്ചെടുത്തത്. പരമ്പരാഗതമായ സാരി ധരിച്ച് വോട്ടർമാരെ വണങ്ങിയും അഭിവാദ്യം ചെയ്തുമാണ് നില ബൂത്തിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്. വിവാഹങ്ങൾ, ഔദ്യോഗിക പരിപാടികൾ, തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയിൽ ആളുകളുമായി ഇടപഴകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ റോബോട്ട്.

തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ സംസാരിക്കാനുള്ള കഴിവും നിലയ്ക്കുണ്ട്. മുൻകൂട്ടി പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം സംസാരിക്കാനും വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും നിലയ്ക്ക് സാധിക്കുമെന്ന് റോബോ മിറർ പ്രതിനിധി കൗശിക് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വോട്ടർമാർക്ക് ഇതൊരു പുതിയ അനുഭവമായി മാറിയതോടെ ബൂത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

പുതുച്ചേരിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

കേരളം, അസം എന്നിവയ്ക്കൊപ്പം പുതുച്ചേരിയിലും രാവിലെ ഏഴു മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. യുവാക്കളും സ്ത്രീകളും റെക്കോർഡ് എണ്ണത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ ആവശ്യപ്പെട്ടു. പുതുച്ചേരിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ ഓരോ വോട്ടും പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ആകെ 10,14,070 വോട്ടർമാരാണ് പുതുച്ചേരിയിലുള്ളത്. ഇതിൽ 5,39,125 സ്ത്രീകളും 4,74,788 പുരുഷന്മാരും 157 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. 18-19 വയസ്സ് പ്രായമുള്ള 24,156 കന്നി വോട്ടർമാരും ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കുന്നുണ്ട്. 30 അംഗ നിയമസഭയിലേക്കുള്ള വിധിയെഴുത്തിന്റെ ഫലം മെയ് 4-നാണ് പ്രഖ്യാപിക്കുക.