ശ്രീനഗര്‍: 2019 ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അച്ഛനും മകളും അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യാണ് താരിഖ് അഹമ്മദ് ഷാ(50), മകള്‍ ഇന്‍ഷ ജാന്‍(23) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇന്‍ഷ ജാന് ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ പറയുന്നു. ആദില്‍ അഹമ്മദിന് ഇരുവരും ആക്രമണത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തെന്നും പറയുന്നു. ഇതോടെ പുല്‍വാമ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. സംഭവം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. 

ആക്രമണത്തിന് ശേഷം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്ത് പുറത്ത് വിട്ട് വീഡിയോ താരിഖ് അഹമ്മദ് ഷായുടെ വീട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 

2018-19 കാലയളവില്‍ നിരവധി തവണ ആദില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ആക്രമണത്തിനുള്ള ഗൂഢാലോചന ഇവരുടെ വീട്ടിലാണ് നടത്തിയതെന്നും എന്‍ഐഎ പറയുന്നു. ഇന്‍ഷായാണ് ഇവര്‍ക്ക് ഭക്ഷണം ഒരുക്കിയത്. ഭീകരന്‍ മുഹമ്മദ് ഫാറൂഖുമായി ഇന്‍ഷ ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍ഐഎ അധികൃതര്‍ പറയുന്നു. 40 സിആര്‍പിഎഫ് ജവാന്മാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.