ദില്ലി: ജമ്മു കശ്മീരിലെ ഗഡിഗലില്‍ ഹൈവേക്ക് സമീപത്തുനിന്ന് 52കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി സൈന്യം. ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. പുല്‍വാമ മോഡല്‍ ആക്രമണ പദ്ധതിയാണ് നിര്‍വീര്യമാക്കിയതെന്നും സൈന്യം അറിയിച്ചു. പുല്‍വാമ ആക്രമണ നടന്ന ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. 

വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലാലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ സിന്തറ്റിക് ടാങ്ക് കണ്ടെത്തുകയായിരുന്നു. തുറന്ന് പരിശോധിച്ചപ്പോള്‍ 416 പേക്കറ്റ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. തൊട്ടടുത്ത് നടത്തിയ തിരച്ചിലില്‍ 50 ഡിറ്റണേറ്ററുകളും കണ്ടെത്തി. സൂപ്പര്‍ 50 എന്ന് വിളിക്കാവുന്ന സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നും പുല്‍വാമ മോഡല്‍ ആക്രമണമാണ് ലക്ഷ്യമിട്ടിരുന്നതെന്നും സൈന്യം അറിയിച്ചു. 2019 ഫെബ്രുവരിലിയിലാണ് രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 40 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. തുടര്‍ന്ന് ഇന്ത്യ ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തി.