പൂനെ: ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ഏപ്രില്‍ 14ഓടെ പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷകളാണ് തകിടം മറിഞ്ഞത്. ഇതോടെ പലരും ഒളിഞ്ഞും തെളിഞ്ഞും സുഹൃത്തുക്കളുമായി കണ്ടുമുട്ടാനുള്ള പദ്ധതികള്‍ തയ്യാറാക്കി തുടങ്ങി. മെയ് മൂന്ന് വരെ കാണാനാകില്ലല്ലോ എന്ന ഒരാളുടെ ട്വീറ്റിന് സുഹൃത്ത് നല്‍കിയ മറുപടി, 'നമുക്ക് അതിന് മുമ്പ് കാണാം' എന്നായിരുന്നു. എന്നാല്‍ ട്വിറ്ററിലെ ഈ സ്‌നേഹപ്രകടനത്തിന് മറുപടി നല്‍കിയത് പൂനെ പൊലീസ് ആണ്. 'നിങ്ങള്‍ ഒരുമിച്ച് കാണുകയാണെങ്കില്‍ ഞങ്ങളും കൂടാം, പിന്നെ കുറേ നാളേക്ക് നമുക്ക് ഒരുമിച്ചാകാം' എന്നായിരുന്നു പൊലീസിന്റെ മറുപടി. ഈ മറുപടി പതിനായിരക്കണക്കിന് പേരാണ് ഏറ്റെടുത്തത്. 3000 പേര്‍ റീട്വീറ്റ് ചെയ്തു.  ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു. ഏപ്രില്‍ 14 ന് പ്രധാനമന്ത്രി തന്നെയാണ് ലോക്ക് ഡൗണ്‍ നീട്ടിയ കാര്യം രാജ്യത്തെ അറിയിച്ചത്.