Asianet News MalayalamAsianet News Malayalam

ഭീകരാക്രമണ സാധ്യത: കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രത; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്ന് ഒമര്‍

ആറ് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എന്നോട് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവര്‍ക്ക് പറ്റിയില്ല, സാധാരണക്കാരായ കശ്മീരികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഒന്നു ആലോചിച്ചു നോക്കൂ എന്നും ഒമര്‍

punjab and jammu kashmir have security threat
Author
New Delhi, First Published Aug 2, 2019, 11:13 PM IST

ദില്ലി:  പാക്കിസ്ഥാന്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് ഭീകരാക്രമണത്തിന് ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ജമ്മു കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. അതിർത്തി പ്രദേശങ്ങളിലും കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അമർ നാഥ്‌ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ആയുധങ്ങളും കുഴി ബോംബും കണ്ടെടുത്തെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

പ്രതികരണവുമായി ഒമര്‍ അബ്ദുള്ള

അതേസമയം ഭീകരാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കശ്മീരിൽ ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നു എന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഗുൽബർഗിൽ ബസുകൾ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു എന്നും ഒമർ വിവരിച്ചു. 'എനിക്കൊരുപാട് ചോദ്യങ്ങളുണ്ട്, എന്നാല്‍ ഒന്നിനും ഒരു ഉത്തരവുമില്ല, ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന പലരെയും ഞാനിന്ന് കണ്ടു, ആറ് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എന്നോട് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവര്‍ക്ക് പറ്റിയില്ല, സാധാരണക്കാരായ കശ്മീരികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഒന്നു ആലോചിച്ചു നോക്കൂ, ഭീതി പരത്തുന്നു എന്ന് ഞങ്ങളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്, പക്ഷേ ആളുകളോട് ഒരക്ഷരം മിണ്ടാതെ ജമ്മു കശ്മീരിനൊപ്പം പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്, കശ്മീരിൽ ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നു, ഗുൽബർഗിൽ ബസുകൾ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു- ഇതായിരുന്നു ട്വിറ്ററിലൂടെയുള്ള ഒമറിന്‍റെ പ്രതികരണം.

 

 

കശ്മീരില്‍ സര്‍ക്കാര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ്

കശ്‍മീരിൽ സർക്കാർ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.‌ ജമ്മു കശ്മീരിന് നല്കുന്ന ഭരണഘടനാ പരിരക്ഷ തുടരണം എന്നും ദില്ലിയിൽ മുൻ പ്രധാനമന്തി മൻമോഹൻ സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ് നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു 

കശ്മീരിലെ അതീവ ജാഗ്രത

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് അസാധാരണമായ ഉത്തരവ് ജമ്മു കശ്മീര്‍ അഭ്യന്തര സെക്രട്ടറിയുടേതായി പുറത്തു വന്നിരിക്കുന്നത്. ആക്രമണം നടത്താന്‍ ഭീകരര്‍ സൂക്ഷിച്ചിരുന്നു എം 24  സ്നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. 

ഈ മാസം 15 വരെയാണ്  അമര്‍നാഥ് തീര്‍ത്ഥാടനം. അമര്‍നാഥ് യാത്രയ്ക്കായി തീര്‍ത്ഥാടകരും വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളും ധാരാളമായി കശ്മീരിലേക്ക് എത്തുന്ന സമയമാണിത്. ഇതിനിടയിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കാനും സഞ്ചാരികളായി എത്തിയവരെ മടക്കി അയക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം. 

പാക് ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിടുന്നെന്ന് സൈന്യം, അമേരിക്കന്‍ നിര്‍മ്മിത ആയുധം കണ്ടെടുത്തു
കശ്മീരില്‍ 10,000 സൈനികരെ വിന്യസിക്കാന്‍ കഴിഞ്ഞ ആഴ്ച സേനാമേധാവിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയാണ്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഡോവലിന്‍റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 25,000 സൈനികരെ കൂടി കശ്മീരില്‍ വിന്യസിക്കും എന്ന അറിയിപ്പ് വന്നു. പതിവിന് വിപരീതമായി സൈനികരെ വ്യോമമാര്‍ഗ്ഗം കശ്മീരില്‍ എത്തിക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചു. 

വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങള്‍ക്കും കോടതികള്‍ക്കും നല്‍കിയ സുരക്ഷ ജമ്മു കശ്മീര്‍ പൊലീസ് പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആയുധങ്ങളില്ലാതെ സുരക്ഷാ ജോലിക്ക് വിന്യസിച്ച പൊലീസുദ്യോഗസ്ഥരെയാണ് മടക്കിവിളിച്ചതെന്നും സുരക്ഷാഉദ്യോഗസ്ഥരില്‍ നിന്നും ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്നും കശ്മീര്‍ എഡിജിപിയെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു ഇത്തരം സ്ഥലങ്ങളില്‍ സായുധരായ പൊലീസുകാരെ വിന്യാസിക്കുകയോ അംഗബലം കൂട്ടുകയോ ചെയ്യുമെന്നും എഡിജിപി വ്യക്തമാക്കി. ദക്ഷിണകശ്മീരിലാണ് പൊലീസുദ്യോഗസ്ഥരെ കൂടുതലായി മാറ്റിയിരിക്കുന്നതെന്നാണ് വിവരം. 

വിവിധ മേഖലങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ അടുത്തുള്ള  ചെക്ക് പോസ്റ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.  നിര്‍ണായകമായ ചില പ്രഖ്യാപനങ്ങളോ നടപടികളോ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉടനെയുണ്ടാവുമെന്നും ഇതിന് മുന്നോടിയായാണ് വന്‍തോതില്‍ സൈന്യത്തെ ഇറക്കിയതെന്നുമുള്ള അഭ്യൂഹം കശ്മീരില്‍ ശക്തമാണ്.  വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും കാരണം ഭയപ്പാടിലായ താഴ്വരയിലെ ജനങ്ങള്‍ തിരിക്കിട്ട് അവശ്യവസ്തുകള്‍ വാങ്ങി സൂക്ഷിക്കുകയാണ്. 

കശ്മീരില്‍ താഴ്വരയിലും നഗരമേഖലകളിലുമായി 280 കമ്പനി സിആര്‍പിഎഫ് ഭടന്‍മാരെ വിന്യസിച്ചുവെന്നാണ് സൂചന. ശ്രീനഗറിലേക്ക് വരാനും പോകാനുമുള്ള എല്ലാ പാതകളുടേയും നിയന്ത്രണം കേന്ദ്രസേനകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജമ്മു കശ്മീര്‍ പൊലീസിന്‍റെ സാന്നിധ്യവും ചെക്ക് പോസ്റ്റുകളിലുണ്ട്. അതീവജാഗ്രത പാലിക്കണമെന്ന നിര്‍ദേശം വ്യോമസേനയ്ക്കും കരസേനയ്ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തിന് മുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

അഭ്യൂഹങ്ങള്‍ പലവിധം... ആശങ്കയോടെ ജനങ്ങള്‍....

കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതയും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും പലരും കരുതുന്നു. 

എന്നാല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നാണ് പലരും കരുതുന്നത്. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള അഭ്യന്തര മന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios