കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്.
അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra modi) സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.
സംഭവത്തിൻറെ പേരിൽ ബിജെപിക്കും കോൺഗ്രസിനുമിടയിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്. 'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. ''നന്ദി മുഖ്യമന്ത്രി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തി''- അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി (ഫൂൽ) എന്ന സംഘടന ആണെന്ന് വ്യക്തമായി.റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവർത്തകർക്കെതിരായിരുന്നു പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി.പ്രധാനമന്ത്രി റോഡ്മാർഗ്ഗം വരുന്നത് അറിഞ്ഞത് അവസാന നിമിഷമെന്നും സംഘടന പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി. വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപണം. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം.
