പതിനാറ് വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ജസ്റ്റിസ് വികാസ് ബഹലിൻ്റെയാണ് ഉത്തരവ്.
ദില്ലി: പതിനഞ്ച് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് ആവർത്തിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 12 പ്രകാരം ഇത്തരം വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി.
പതിനാറ് വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ജസ്റ്റിസ് വികാസ് ബഹലിൻ്റെയാണ് ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം ഇവരുടെ വിവാഹത്തിന് സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ബെഞ്ചും സമാന ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.
ഇറാഖിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി
ബാഗ്ദാദ്: ഇറാഖിൽ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽസുദാനിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. 21 അംഗങ്ങളടങ്ങിയതാണ് ക്യാബിനറ്റ്. മൂന്ന് സ്ത്രീകളാണ് മന്ത്രിസഭയിലുള്ളത്.
12 മന്ത്രിമാർ കോ ഓർഡിനേഷൻ ഫ്രെയിംവർക്കിന്റെ പിന്തുണയുള്ള ഷിയ വിഭാഗത്തിൽ നിന്നാണ്.
ആറ് മന്ത്രിമാർ സുന്നി വിഭാഗത്തിൽ നിന്നും. മൂന്ന് വനിത മന്ത്രിമാരിൽ ഒരാൾ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണ്. ഒക്ടോബർ പതിമൂന്നിനാണ് അന്പത്തിരണ്ടുകാരനായ സുദാനി പുതിയ സർക്കാരിനെ നയിക്കാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇറാഖിലെ ഷിയ മുസ്ലീം വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കം രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലാക്കിയിരുന്നു.
ഇറാനിൽ ജനകീയ പ്രക്ഷോഭം തുടരുന്നു; പ്രതിഷേധക്കാര്‍ക്ക് സുരക്ഷസേന വെടിയുതിര്‍ത്തു
ടെഹ്റാൻ: ഇറാനിൽ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷ സേന വീണ്ടും വെടിയുതിർത്തു. പടിഞ്ഞാറൻ നഗരമായ മഹാബാദിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രതിപക്ഷ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സർക്കാർ ഓഫീസ് ആക്രമിച്ചുവെന്നാണ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മറ്റൊരു പടിഞ്ഞാറൻ നഗരമായ ഖൊറാമ്മാബാദിലെ ശ്മശാനത്തിനടുത്ത് നടന്ന വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
