ദില്ലി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്നിൽ പ‍ഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗും പഞ്ചാബിലെ കർഷകരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. തന്റെ സംസ്ഥാനത്തെ കർഷകർ ദില്ലി ചലോ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്നും ചില രാഷ്ട്രീയ പാർട്ടികളും യൂണിയനുകളുമാണ് പ്രതിഷേധത്തിന് പിന്നിലെന്നും ഖട്ടർ പറഞ്ഞു. 

പഞ്ചാബിലെ കർഷകരാണ് പ്രതിഷേധം ആരംഭിച്ചത്. ചില രാഷ്ട്രീയ പാർട്ടികളും യൂണിയനുകളുമായി ഇതിന് ബന്ധമുണ്ട്. ഹരിയാനയിലെ കർഷകർക്ക് ഈ പ്രതിഷേധവുമായി (ദില്ലി ചലോ) ബന്ധമില്ല. അതിനാൽ ഹരിയാനയിലെ കർഷകരെ ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുന്ന ഹരിയാനയിലെ പൊലീസുകാരെയും ഞാൻ അഭിനന്ദിക്കുന്ന. - ഖട്ടർ ​ഗുരു​ഗ്രാമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  

പ്രിതഷേധത്തിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്നും ഖട്ടർ ആരോപിച്ചു. രാഷ്ട്രീയമായി പ്രതിഷേധത്തെ ഉപയോ​ഗിക്കുകയാണെന്നും ഖട്ടർ പറഞ്ഞു. അതേസമയം കർഷക മാർച്ചിന് നേരെ ഹരിയാന പൊലീസ് ലാത്തിയും ജലപീരങ്കിയും പ്രയോ​ഗിച്ചതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രം​ഗത്തെത്തിയിരുന്നു. കർഷക മാർച്ചിനെ അടിച്ചമർത്തുന്നതെന്തിനെന്ന് ചോദിച്ച അദ്ദേഹം പൊലീസ് അതിക്രമത്തെ അപലപിച്ചു.