പഞ്ചാബിലെ ഗുരുദാസ്പൂരിൽ ദീപാവലി ആഘോഷത്തിനായി വീട്ടിൽ പടക്കം നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 19കാരൻ മരിച്ചു. അപകടത്തിൽ സഹോദരൻ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. പടക്കം വാങ്ങാൻ പണമില്ലാത്തതിനാലാണ് നിർമ്മിക്കാൻ ശ്രമിച്ചതെന്ന് പോലീസ്

ഛണ്ഡീഗഡ്: ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 19കാരൻ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനക് സബ് ഡിവിഷനിലെ ധർമ്മബാദ് ഗ്രാമത്തിലാണ് സംഭവം. സഹോദരന്മാരായ ഗുർനാം സിംഗ്, സത്നാം സിംഗ് എന്നിവരുടെ മക്കളാണ് അപകടത്തിൽപെട്ടത്. സ്ഫോടനത്തിൽ 19 വയസ്സുള്ള മൻപ്രീത് കൊല്ലപ്പെട്ടു. സഹോദരൻ ലവ്പ്രീത് സിംഗ് അപകടത്തിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കുടുംബാംഗങ്ങളായ ആറ് പേർ ചേർന്നാണ് ദീപാവലി ആഘോഷിക്കാനുള്ള പടക്കം നിർമിക്കാൻ ശ്രമിച്ചത്. ഇതിനിടെയാണ് സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു, മറ്റൊരാൾക്ക് രണ്ട് കൈകൾക്കും പരിക്കേറ്റു, മറ്റൊരാൾക്ക് താടിയെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.

ദരിദ്ര കുടുംബമാണ് ഇവരുടേതെന്നും പടക്കം വാങ്ങാൻ പണമില്ലാത്തതിനാലാണ് കുടുംബാംഗങ്ങൾ ഇത് വീട്ടിൽ തന്നെ നിർമിക്കാൻ ശ്രമിച്ചതെന്നും ദേരാ ബാബ നാനാക്ക് പൊലീസ് എസ്എച്ച്ഒ അശോക് കുമാർ ശർമ്മ പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.