പ്രസംഗവേദി ശുദ്ധീകരിച്ച സംഭവത്തിൽ പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മല്ലികാർജുൻ ഖർഗെ പ്രവർത്തക സമിതിയിൽ. പല നേതാക്കളും വിഷയത്തിൽ മൗനം പാലിച്ചുവെന്ന് അദ്ദേഹം വിമർശിച്ചപ്പോൾ, പാർട്ടിയൊന്നാകെ ഖർഗെയ്ക്ക് ഒപ്പമുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ദില്ലി: പ്രസംഗവേദിയിലെ ശുദ്ധീകരണത്തിൽ പാർട്ടിയിൽ തനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് പ്രവർത്തക സമിതി യോഗത്തിൽ മല്ലികാർജുൻ ഖർഗെ. ഒട്ടുമിക്ക പ്രവർത്തക സമിതിയംഗങ്ങളും മിണ്ടിയില്ലെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ നിരന്തരം വരുന്നവർ പോലും അപലപിച്ചില്ല. പലരും പാർട്ടിലൈൻ തെറ്റിച്ച് ലേഖനങ്ങൾ പോലും എഴുതുന്നവരാണ് പലരുമെന്ന് ഖർഗെ വിമർശിച്ചു. എന്നാൽ പാർട്ടിയൊന്നാകെ ഖർഗെക്കൊപ്പം നിന്നുവെന്ന് കെ സി വേണുഗോപാൽ ഇടപെട്ട് സംസാരിച്ചു.

ഉത്തരാഖണ്ഡ് ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നും താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ പറഞ്ഞത്. എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീ രാം സേനയെന്ന സംഘടനയുമായി ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ വാദം. ബാബു ജഗ്ജീവൻ റാം, സീതാറാം കേസരി, ഡോ. ബി ആർ അംബേദ്കർ തുടങ്ങിയ ദളിത് നേതാക്കളോട് കോൺഗ്രസ് സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു. ഖർഗെയുടെ പരാമർശത്തിൽ മതവികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ചോദ്യമുയർത്തി. ഖർഗെക്കെതിരായ ജാതി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

YouTube video player